Thursday, June 28, 2012
അവശിഷ്ടങ്ങളില്‍ നിന്ന് വിശിഷ്ടം
ജനപ്പെരുപ്പത്തിന്റെ മായാത്ത ചിഹ്നങ്ങള്‍ മാറിമാറിവന്ന് മാഞ്ഞുകൊണ്ടിരുന്നു. മയക്കമാണെന്ന് മാത്രം അറിയാം. ഉത്തര്‍പ്രദേശിലെ വാരണാസി, കാണ്‍പൂര്‍, ഘൊരക്പുര്‍, പഞ്ചാബിലെ മലേര്‍കോട്ല...ഇങ്ങിനെ മനസില്‍ 'സേവ്'ചെയ്ത്വച്ച കാഴ്ചകളാണധികവും. എല്ലാത്തിലും ഭക്ഷണത്തിനായി, കിടപ്പിടത്തിനായി കടിപിടികൂടുന്ന കാഴ്ചകളുണ്ട്. മയക്കം വിടുമ്പോള്‍ വാതായനങ്ങളിലൂടെ അടിച്ചുകയറുന്ന തണുത്ത കാറ്റിന്റെ ആരവം അറിയുന്നുണ്ട്. സൂപ്പര്‍ഫാസ്റ്റ് പതിബല്‍റോഡിലൂടെ പായുകയാണ്. എംസി റോഡിന് തിരുവനന്തപുരം മുതല്‍ ചെങ്ങന്നൂര്‍വരെയുള്ള ഭാഗത്തെ അങ്ങിനെയാണ് വിശേഷിപ്പിക്കുക. റോഡ് നിര്‍മ്മിച്ച കമ്പനിയുടെ നാമത്തില്‍ ജനങ്ങള്‍ ആ റോഡിനെ അറിയുകയെന്ന അപൂര്‍വ സംഭാവ്യത. എഴുമറ്റൂര്‍ എന്ന ഗ്രാമത്തിലേക്കാണ് യാത്ര. ആധുനിക യുഗത്തില്‍ അതൊരു ഗ്രാമമാണെങ്കിലും പണ്ട് അതൊരു രാജസന്നിധിയായിരുന്നു. എഴുമറ്റൂര്‍കൊട്ടാരം ഒരു നാട്ടുരാജ്യത്തിന്റെയും ഇന്നും തുടരുന്ന പരമ്പരയുടെയും ചിഹ്നമാണ്. രാജവാഴ്ചയെ ജനങ്ങള്‍ തൂത്തെറിഞ്ഞെശേഷം കൊട്ടാരത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്നുയര്‍ന്ന ഭൂതപ്രേത കഥകള്‍ മറ്റൊരു വഴിക്ക് പഴയ പ്രതാപങ്ങളെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരുന്നു. കോട്ടയം പുഷ്പനാഥ് എഴുമറ്റൂരില്‍ തങ്ങി കാലങ്ങളെടുത്ത് എഴുതി പ്രേതകഥയാണ് 'ബ്രഹ്മരക്ഷസ്'. കലാനിലയം ഡ്രാമാവിഷന്‍ അത് നാടകമാക്കിയതോടെയാണ് ബ്രഹ്മരക്ഷസ് ലോകം കൂടുതല്‍ അറിഞ്ഞത്. ഗതികിട്ടാത്ത ആത്മാവുകളുടെയും യക്ഷികളുടെയും മറ്റും വാസകേന്ദ്രമാണ് ഇടിഞ്ഞുവീഴാറായി മാറാല പിടിച്ച കൊട്ടാരക്കെട്ടിടമെന്ന അന്ധവിശ്വാസങ്ങള്‍ പ്രബലമായിരുന്ന കാലത്താണ് ആ കഥ വന്‍തോതില്‍ വിറ്റഴിച്ചത്. അപ്രകാരം കഥകള്‍ പ്രചരിക്കപ്പെട്ട കൊട്ടാരം ഇപ്പോഴുണ്ടോ? അതും യാത്രയിലെ ലക്ഷ്യങ്ങളിലൊന്നായിരുന്നു. തിരുവല്ലയിലിറങ്ങി റാന്നി ബസില്‍ കയറി മല്ലപ്പള്ളിയിലിറങ്ങി എഴുമറ്റൂര്‍ക്ക് വരാനാണ് ബന്ധുവും അടുത്ത സുഹൃത്തുകൂടിയായ ഓമനക്കുട്ടന്‍ചേട്ടന്റെ നിര്‍ദ്ദേശം, കാരണം വഴി തെറ്റരുതല്ലോ. അങ്ങിനെ പ്രവചിക്കപ്പെട്ട വഴിയിലൂടെ പോകുന്നതിലര്‍ഥമില്ല. ചെങ്ങന്നൂരിലിറങ്ങി. അന്വേഷിച്ചു. എഴുമറ്റൂര്‍ക്ക് എങ്ങിനെ പോകാം? കെഎസ്ആര്‍ടിസി അന്വേഷണ വിഭാഗത്തില്‍ നിന്നുള്‍പ്പെടെ കിട്ടിയ വിവരം: "തിരുവല്ലായില്‍ ചെന്നേച്ച് വേണം പോകാന്‍''. ഒകെ...ഒകെ.... തര്‍ക്കിക്കാന്‍ പോയില്ല. അവരേക്കാള്‍ കൂടുതല്‍ നിശ്ചയം എനിക്കോ?..ഹേയ്.
ബസ്റ്റാന്‍ഡില്‍ കുറച്ച്നേരം കറങ്ങി നടന്നപ്പോള്‍ അങ്ങ് മൂലയില്‍ ഒരു ഓര്‍ഡിനറി ബസ് കിടക്കുന്നു, 'മല്ലപ്പിള്ളി' ബോര്‍ഡും വച്ച്. പ്രധാന സ്ഥലപ്പേരിന്റെ താഴെ നിരവധി സ്ഥലപ്പേരുകളുണ്ട്. കറങ്ങിത്തിരിഞ്ഞാണ് പോവുന്നതെന്നറിയാന്‍ 'എന്‍ട്രന്‍സ്' ഒന്നും പാസാവാണ്ടല്ലോ. കറങ്ങാം...
ബസ് പുറപ്പെട്ട് ഏതാനും നിമിഷങ്ങള്‍ പിന്നിട്ടപ്പോള്‍ പതിബല്‍ റോഡിന് വിട. ഡ്രൈവര്‍ വളരെ കഷ്ടപ്പെട്ടാണ് വണ്ടിയെടുക്കുന്നത്. വലിയുമില്ല, തള്ളുമില്ലാത്ത ബസ്. ഒരു വണ്ടി വളയാന്‍ ഇത്ര തിരിക്കണോ എന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരുടെ 'വളയ്ക്കല്‍' കാണുമ്പോള്‍ തോന്നാറുണ്ട്. ഇടവഴിയിലേക്ക് വണ്ടി തിരിഞ്ഞതും കണ്ടക്ടര്‍ വന്നു. 15 രൂപയുടെ ടിക്കറ്റ് വെന്റീന്‍മെഷീനില്‍ നിന്ന് തള്ളി പുറത്തേക്ക്. അവരുടെ പണി എത്ര എളുപ്പം. മുന്‍പ് കെഎസ്ആര്‍ടിസി കണ്ടക്ടര്‍മാരുടെ ടിക്കറ്റ് റാക്ക് നിറങ്ങളുടെ കലവറയായിരുന്നു. ഏതെല്ലാം നിറങ്ങളുള്ള ടിക്കറ്റുകളായിരുന്നു. നീലകള്‍ പലവിധം, ഓറഞ്ച്, പിങ്ക്..ഇങ്ങിനെ, കടും ചുവപ്പ് അതിലും ഒഴിവാക്കയിരുന്നു, ചോരയുടെ നിറമല്ലേ.
ഒരു ബസിനു മാത്രം പോകാന്‍ വീതിയുള്ള വഴിയിലൂടെ എരവിപേരൂര്‍, ഓതറ വഴിയുള്ള മല്ലപ്പിള്ളി ബസ് തേങ്ങി തേങ്ങി മുന്നോട്ട്. ഇടക്ക് മരച്ചില്ലകള്‍ ചാഞ്ഞ് നില്‍ക്കുന്ന ബസ്സ്റ്റോപ്പുകളില്‍ ചാക്കുകളും മറ്റുമായി കാത്തിരുന്നവര്‍ പ്രതീക്ഷയോടെ കയറി. ഇപ്പോള്‍ ചുറ്റും ഏതാണ്ട് റബ്ബര്‍കാടുകള്‍ തന്നെയാണ്. ഇടയ്ക്കിടക്ക് മനോഹരമായ ഇരുനില മന്ദിരങ്ങള്‍. മഴയ്ക്ക് മുമ്പേ പെയിന്റിംഗ് കഴിച്ചിട്ടുണ്ട്. ഒട്ടുമിക്ക വീടുകളിലും കാറും ഇരുചക്രവാഹനവുമുണ്ട്. പലതും പൂട്ടിയിട്ടിരിക്കുന്നു. കൂട്ടത്തോടെ വിദേശത്തേക്ക് ചേക്കേറിയവര്‍ ഏറ്റവും കൂടുതലുള്ള ജില്ലയാണ് പത്തനംതിട്ട. ചെറിയ വീടുകളുണ്ടെങ്കിലും ചെറ്റകുടിലുകള്‍ ഇല്ലേയില്ല. ജനസംഖ്യതന്നെ കുറവ്. മാനദണ്ഡപ്രകാരമുള്ള ജനസംഖ്യയില്ലാത്ത ജില്ലകളെ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ ഒരു കാലത്ത് ഇല്ലാതാകാന്‍ പോകുന്ന ജില്ലായാണിത്. എന്തൊരു ദുര്യോഗം. കേരളത്തിലെ മറ്റു പല ജില്ലകളും ജനസംഖ്യകൊണ്ട് വീര്‍പ്പുമുട്ടി പൊട്ടാന്‍ തുടങ്ങുന്നുവെന്നതും ഒരു സത്യം. കുരിശടികള്‍ ധാരാളം. ബിഷപിനു സ്വീകരണം നല്‍കുന്നതിനുള്ള കൂറ്റന്‍ ഫ്ളക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. പണ്ട് രാഷ്ട്രപതിയായിരുന്ന വി വി ഗിരി വരുന്നുന്ന് കേട്ടകാലത്ത് നാട്ടുകാര്‍ കുരുത്തോല കെട്ടുന്നത് കണ്ടപ്പോള്‍ നമ്പൂതിരി ചോദിച്ച ചോദ്യം ഓര്‍മ്മ വന്നു. "ഇത് കെട്ട്യാലേ ഗിരി വരൂ?''
ഗ്രാമങ്ങളുടെ സംഗീതത്തിന് അപശ്രുതിപോലെയാണ് റബ്ബര്‍കാടുകളെങ്കിലും നിരവധി കുടുംബങ്ങള്‍ക്ക് ആശ്രയമാണെന്നതിനാല്‍ ആ പച്ചപ്പിനെയും ഉള്‍ക്കൊണ്ടവരാണ് നാം. കുന്നുകളും മലകളും പിന്നിലേക്ക് പൊയ്ക്കൊണ്ടിരുന്നു. തിരുവല്ല കൂടി പോയിരുന്നെങ്കില്‍ എത്താമായിരുന്നതിനേക്കാള്‍ മണിക്കൂര്‍ കൂടുതലെടുത്ത് ബസ് മല്ലപ്പളിയിലെത്തി. മൊഫ്യൂസില്‍ എന്ന നാമത്തിലൊതുങ്ങുന്ന നഗരം. പുഴയുടെ ലാളന ആവോളമുള്ള പ്രദേശം. അവിടെ നിന്ന് വിജയലക്ഷ്മി ബസില്‍ കയറി അഞ്ച് രൂപ കൊടുത്ത് എഴുമറ്റൂര്‍ കവലയില്‍ ഇറങ്ങി. ഓമനക്കുട്ടന്‍ചേട്ടന്‍ കാത്തുനില്‍പ്പുണ്ടായിരുന്നു. കവലയില്‍ നിന്ന് ഏതാനും വാര അകലെയുള്ള വീട്ടിലേക്ക് നടക്കുന്നതിനിടയില്‍ ധൃതിപൂണ്ട ഞാന്‍ എഴൂമറ്റൂര്‍കൊട്ടാരത്തിലേക്ക് ആദ്യം പോകാമെന്നു പറഞ്ഞു. "അതോ, ദാ അങ്ങോട്ടു നോക്കൂ, അവിടെ.....ആയിരുന്നു'' കളിയാക്കുന്ന മട്ടിലുള്ള ചിരിയോടെ ഓമനക്കുട്ടന്‍ ചേക്കന്‍ പറഞ്ഞു. "ആയിരുന്നോ?'' സംശയം തീരുന്നില്ല. "അതെ, ഏതാനും വര്‍ഷം മുമ്പ് ഉണ്ടായിരുന്ന അവശിഷ്ടങ്ങള്‍ കൂടി പൊളിഞ്ഞുവീണു. ഇപ്പോള്‍ ആ കാട് മാത്രമാണ് കൊട്ടാരത്തിന്റെ ബാക്കി!''
ഇഷ്ടമില്ലാത്തത് കാണുമ്പോഴോ കേള്‍ക്കുമ്പോഴോ, പ്രതീക്ഷിച്ചത് കിട്ടത്തപ്പോഴൊ മലബാറിലൊക്കെ പറയുന്ന ഒരു ശൈലിയുണ്ട്: "കണ്ണീന്ന് ബെള്ളം വന്നു മോനെ..''
കൊട്ടാരം നിന്ന സ്ഥലത്തെ കാട്ടിലേക്ക് സൂക്ഷിച്ചുനോക്കി. നടുവില്‍ അതാ പടര്‍ന്ന് പന്തലിച്ച് ഒരു കൂറ്റന്‍ പ്ളാവ്. നിറയെ ചക്ക. പിന്നെയെന്തുവേണം. പരിസ്ഥിതി നാശത്തിലൂടെ ലോകത്തെസര്‍വ്വ ചരാചരങ്ങള്‍ക്കും മാറ്റം വന്നാലും ഒരു കൂസലുമില്ലാടെ ഉയര്‍ന്നു നില്‍ക്കാനും എല്ലാ ജീവികള്‍ക്കും ഭക്ഷണം നല്‍കാനും പ്ളാവുണ്ടാകുമെന്നാണ് ശാസ്ത്രം പറയുന്നത്.
ഇനിയിപ്പോ കൊട്ടാരം പോയാലെന്ത്?
ആശ്വാസത്തോടെയാണ് ഓമനക്കുട്ടന്‍ചേട്ടന്റെ വീട്ടിലേക്ക് തിരിഞ്ഞത്.
Subscribe to:
Posts (Atom)