കോഴിക്കോട് ബീച്ചിൽ അതി രാവിലെ നടക്കാൻ പോകുന്നത് ഒരു രസമായിരുന്നു, അവിടെയുള്ളപ്പോൾ.
ആരോഗ്യ സംരക്ഷണം ഒന്നുമല്ല ലക്‌ഷ്യം. കടൽ, തിര, ശബ്ദം, ദൂരെ കടന്നു പോകുന്ന കപ്പൽ, നടക്കാൻ വരുന്നവരുടെ വൈവിധ്യങ്ങൾ......അങ്ങനെ. ബീച്ചിന്റെ തെക്കേ മൂലയിൽ ചെന്ന് എതിർവശത്ത് കടന്നു അവിടെയുള്ള പെട്ടിക്കടയിൽ നിന്ന് സ്ട്രോങ്ങ് ചായ കുടിക്കും. ഉത്തരേന്ത്യക്കാരായ ലോറി ഡ്രൈവർമാരാണ് അവിടുത്തെ പതിവുകാർ. പണ്ടത്തെ ആ വരയുള്ള ചെറിയ കുപ്പിഗ്ലാസ്സിൽ ഏതാണ്ട് എക്സ്പ്രസ്സോ കുത്തിയ പോലൊരു കടുപ്പൻ, ഒന്ന് മതി. പൊതുവെ നല്ല ഭക്ഷണവും നല്ല മനസുള്ളവരും ധാരാളമാണ് കോഴിക്കോട്. നടത്തത്തിനിടയിൽ എന്നെ ആകർഷിച്ചത് നരച്ച മീശ നീട്ടി പിരിച്ച് മുകളിലേക്ക് വൃത്തത്തിൽ ചുരുട്ടിവച്ചു അത്യാവശ്യം വേഗത്തിൽ നടക്കാറുള്ള ഒരു കഷണ്ടിക്കാരനെയാണ്. ട്രൌസറും ടീ ഷർട്ടും വേഷം. സ്ത്രീകളടക്കം നിരവധി പരിചയക്കാർ. ചിലർ വളരെ കാര്യമായിട്ട് അടക്കത്തിൽ സംസാരിക്കുന്നതു കാണാം. പോകുമ്പോൾ അവരുടെ തോളത്തു തട്ടി ആശ്വസിപ്പിക്കും. ചില സ്ത്രീകൾ കണ്ണുനീരണിഞ്ഞു
കൈ കൂപ്പുന്നത് കണ്ടിട്ടുണ്ട്. അവരേയും കൈപിടിച്ച് ആശ്വസിപ്പിക്കും. ഏതാണ്ട് ഒരു മണിക്കൂർ നടപ്പും സൌഹൃദവും കഴിഞ്ഞു കോർപറേഷൻ റോഡിലൂടെ അദ്ദേഹം നടന്നകലും. പതിവായി കാണുന്നത് മൂലമാകണം എന്നെ കാണുമ്പോൾ പുഞ്ചിരിക്കും, ഞാനും. ഒരു ചിരി പരിചയം.ഇനി ആരാണ് അദ്ദേഹം എന്ന് ചോദിക്കുന്നതു മോശമല്ലേ. ചിരി തുടർന്നു. ഒരു ദിവസം പിടി വിട്ടു കേറി ഞാൻ സ്വയം പരിചയപ്പെടുത്തി, ബ്രാഹ്മിണ്‍ കേഫിന്റെ അടുത്തുവച്ച്. "ഗോപാലകൃഷ്ണൻ ദീർഘകാലം റെയിൽവേയിൽ ആയിരുന്നു." - അദ്ദേഹം പറഞ്ഞു. വേഷത്തിന്റെയും സ്ടയലിന്റെയും ഗുട്ടന്സ് മനസിലായി. കൂടുതലൊന്നും പറഞ്ഞില്ല. കൈകൂപ്പി പിരിഞ്ഞു. കുറച്ചുകാലം കൂടി അവിടെ നടത്തം തുടർന്നു. ബീച്ചിന്റെ വടക്കേ അറ്റത് സ്ഥാപിച്ച കൂറ്റൻ മാർക്സ് പ്രതിമ നോക്കി ഒരാളോട് ശില്പ കലയുടെ സൌന്ദര്യ രഹസ്യത്തെ കുറിച്ച് അദ്ദേഹം പറയുന്നത് കേട്ടു. ചില്ലറകാരനല്ലല്ലോ എന്ന് തോന്നി. കോഴിക്കോട് നിന്ന് പോന്ന ശേഷം ആ കഥയൊക്കെ മറന്നു. ഈയിടെ പത്രത്തിൽ അദ്ദേഹത്തിന്റെ ചിത്രം കണ്ടു. പടം ഞാൻ തിരിച്ചറിഞ്ഞു. എൻ ഗോപാലകൃഷ്ണൻ അന്തരിച്ചു എന്ന വാർത്തയും. ദീര്ഘമായ കുറിപ്പുമുണ്ട്. യഥാർത്ഥത്തിൽ, അന്നാണ് ആളെ മനസിലായത്. ഞാൻ വായിച്ചിട്ടുണ്ട്, അദ്ദേഹത്തിന്റെ പല ലേഖനങ്ങളും. പ്രശസ്ത വിവർത്തകനുമാണ്. പക്ഷെ ആ ആളാണ് ഈ ആളെന്നു കടപ്പുറത്ത് വച്ച് അറിഞ്ഞിരുന്നില്ല, സാരമില്ല. കൂടുതൽ വായിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ മറ്റൊരുമുഖം കാണുന്നത്. മാരക രോഗം ബാധിച്ചു കഴിയുന്നവര്ക്ക്, സഹായം നല്കാൻ തെണ്ടി ഫണ്ട് പിരിച്ചതും, പലിയെട്ടിവ് കെയറിന് ട്രസ്റ്റ് ഉണ്ടാക്കിയതും അടക്കം അനവധി സാമൂഹ്യ പ്രവർത്തനത്തിൻറെ മേഖല. അതൊന്നുമായിരുന്നില്ല, എന്നെ ഞെട്ടിച്ചത്.. കോഴ്കൊട്ടെ പലിയെട്ടിവ് കെയറിൽ മരണം കാത്തു കിടക്കുന്നവർ രാവിലെ ഗോപാലകൃഷ്ണൻ സാറിന്റെ വരവും പ്രതീക്ഷിച്ചു നോക്കിയിരിക്കുമത്രെ. ഒന്നിനുമല്ല, അദ്ദേഹത്തിന്റെ മുഖം കാണുന്നത് തന്നെ അവർക്ക് സാന്ത്വനം ആയിരുന്നു. വേദനയും മരണവും ചേർന്നിരിക്കുന്നവർക്കു സാന്നിധ്യം കൊണ്ട് സാന്ത്വനം ആകാൻ കഴിയുന്നത് പോലെ നല്ല ജീവിതം വേറെയുണ്ടോ?
നല്ല മനസിന്റെ പര്യായത്തെ ആയിരുന്നു ഞാൻ കടപ്പുറത്ത് കണ്ടത്. പക്ഷെ, അദ്ദേഹത്തിന്റെ മരണ ശേഷമാണു ഞാൻ ശരിക്കും പരിചയപ്പെട്ടത്.