ഉല്‍പതിഷ്ണു എന്നൊരു വാക്ക് മലയാളത്തില്‍ ധാരാളം കേള്‍ക്കുകയും വായിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ശ്രകണ്ഠേശ്വരത്തിന്റെ ശബ്ദതാരാവലിയിലോ കാണിപ്പയ്യൂരിന്റെ സംസ്കൃത നിഘണ്ടുവിലോ ആ വാക്ക് കാണുന്നില്ല. എന്റെ തപ്പലിന്റെ മേന്മയാകാം. ഇനി പണ്ഡിതഗ്രാഹ്യന്മാര്‍ അപ്രകാരമൊരു വാക്ക് അംഗീകരിക്കാത്തതുകൊണ്ടാണോ എന്തോ, അറിയില്ല. പക്ഷെ, കേട്ടേടം കൊണ്ട് ആ വാക്കിന് മനസിലാക്കിയ അര്‍ഥം “എപ്പോഴും മാറ്റങ്ങള്‍ക്കായി കണ്ണും കാതും കൂര്‍പ്പിച്ചിരിക്കുന്നയാള്‍ എന്നാണ്. വാക്കിന്റെ ശക്തികൊണ്ടും രൂപംകൊണ്ടും കേട്ട അര്‍ഥം കൊണ്ടും അത് നന്നായി ചേരുന്ന ഒരാള്‍ പിജി എന്ന പി ഗോവിന്ദപ്പിള്ളയാണ് എന്ന് തോന്നിയിട്ടുണ്ട്. വിജ്ഞാനങ്ങളിലേക്ക് മാത്രം അടക്കുകയും തുറക്കുകയും ചെയ്യുന്ന കണ്ണുകളുള്ള പിജി ക്ക് ചേര്‍ന്ന വാക്ക്.
വിജെടി ഹാളില്‍ ആ കണ്ണുകള്‍ അടഞ്ഞു കിടക്കുന്നത് കണ്ടപ്പോള്‍ ഏതോ ഗ്രാഹ്യപ്രതിബന്ധമുള്ള വിഷയത്തെക്കുറിച്ചുള്ള അന്വേഷണമാണെന്നേ തോന്നിയിട്ടുള്ളു. എണ്‍പതുകളിലെന്നോ ആണ് ഓടയ്ക്കാലിയില്‍ എസ് എന്‍ നായരുടെ നീണ്ട ഭവനത്തിന്റെ കിഴക്കേമൂലയില്‍ കെട്ടിയ ചെറിയ പന്തലില്‍ കയ്യില്‍ മൈക്ക് പിടിച്ച് ആഗോളകാര്യങ്ങളില്‍ ചിലത് വിശദമാക്കിയ പിജി യെ ഓര്‍മ്മ വന്നു. രാഷ്ട്രീയ പ്രസംഗമാണ്. ആഫ്രിക്കന്‍ രാജ്യങ്ങളിലൊന്നിലെ പ്രശ്നവും അതിന് കാരണക്കാരായ അമേരിക്കയുമാണ് വിഷയം. ജനങ്ങളെ സ്വതന്ത്ര ചിന്തയിലേക്ക് കടക്കാന്‍ വിസമ്മതിക്കുന്ന സാമ്രാജ്യങ്ങളുടെ ചരിത്രം അദ്ദേഹം അവിടെ വിളമ്പി. ഓരോ കാര്യം വിശദമാക്കുമ്പോഴും ഓര്‍മിച്ചെടുക്കാന്‍ കണ്ണടയ്ക്കുന്ന പിജി ഉദ്ദേശിച്ചത് പറയാന്‍ കഴിഞ്ഞുവെന്ന സന്തോഷത്തില്‍ കണ്ണ് മിഴിച്ച് ഓരോരുത്തരെയും നോക്കും. പിജിയുടെ വാക്കുകള്‍ എത്രനേരവും ശ്രവിക്കാന്‍ തയ്യാറായ അനവധി പേര്‍ അവിടെ ഉണ്ടല്ലോ. ഓടക്കാലിയിലും മേതലയിലും പുല്ലുവഴിയിലുമുള്ള തലമുതിര്‍ന്നവര്‍ക്ക് പിജി ഒരു സൈദ്ധന്തികനോ ബുദ്ധിജീവിയോ അല്ല, അവരുടെ ശുണ്ഠിക്കാരനായ ഗോവിന്ദപ്പിള്ളച്ചേട്ടനാണ്.
ടി കെ രാമകൃഷ്ണന്‍ സാംസ്കാരിക മന്ത്രിയായിരുന്ന കാലത്ത് ശ്രീശങ്കരാചാര്യരുടെ 1200 ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി കാലടിയില്‍ വിപുലമായ സെമിനാറുകളും താത്വിക സംവാദങ്ങളും സംഘടിപ്പിക്കുകയുണ്ടായി. അന്ന് പിജി ഒരു പ്രധാനപേപ്പറിന്റെ അവതാരകനുമായിരുന്നു. അവതരിപ്പിക്കുന്ന പേപ്പര്‍ അച്ചടിച്ച് ബുകായി പ്രതിനിധികള്‍ക്ക് വിതരണം ചെയ്തിരുന്നുവെന്നതിനാല്‍ ദീര്‍ഘമായി സംസാരിക്കാന്‍ ആര്‍ക്കും അവസരം നല്‍കിയില്ല. ഒരാള്‍ക്ക് പത്ത് മിനിറ്റ്, വിതരണം ചെയ്ത പേപ്പറില്‍ എന്തെങ്കിലും പിശകുണ്ടെങ്കിലോ, കൂടുതലായി എന്തെങ്കിലുമുണ്ടെങ്കിലോ പറയാം. പിജി ആദിശങ്കരനെ കുറിച്ച് ലോകത്ത് പ്രസിദ്ധീകരിക്കപ്പെട്ട മികച്ച ഗ്രന്ഥങ്ങളിലെ ഉത്തമമായ വ്യാഖ്യാനങ്ങളടക്കം അതിഗഹനമായി സംസാരിച്ചുകൊണ്ടിരിക്കെ അധ്യക്ഷന്‍ അരോചക ശബ്ദമുള്ള ബെല്ലടിച്ചു, തെല്ലും ഔചിത്യമില്ലാതെ. പ്രസംഗം തടസപ്പെട്ട പിജി വാസ്തവത്തില്‍ പൊട്ടിത്തെറിച്ചു. വേദിയിലെ മര്യാദകളെ കുറിച്ച് ക്ഷോഭിച്ച് പറഞ്ഞ അദ്ദേഹം പ്രതിഷേധിച്ച് ഇറങ്ങിപ്പോകാന്‍ വരെ തുടങ്ങി. സംഘാടകരായ സര്‍ക്കാര്‍ പ്രതിനിധികള്‍ വന്ന് പിജിയെ സമാധാനിപ്പിച്ച് ആവശ്യാനുസരണം സമയം നല്‍കി. എല്ലാം കഴിഞ്ഞ് അധ്യക്ഷനു നേരെ രൂക്ഷമായി ഒന്നു നോക്കി, അത്രമാത്രം.
മരിക്കുന്നതിന് ഏതാനും നാള്‍മുമ്പ് സുഭാഷ്നഗറിലെ വീട്ടില്‍ ചെന്നപ്പോഴും മുറ്റത്തെ മരത്തിനു ചുവട്ടില്‍ വേരുകളിലേക്ക് പിജി നോക്കിയിരിക്കുന്നതാണ് കണ്ടത്. സിറ്റൌട്ടില്‍ വരാന്തയോട് ചേര്‍ന്ന് മൂന്ന് പുസ്തകങ്ങളുമായി ഇരിക്കുന്നു. സ്വയം വായിക്കാന്‍ കഴിയുന്ന കാലം കഴിഞ്ഞിരുന്നു. ആരെങ്കിലും വായിച്ചുകൊടുക്കണം. പതിവായി വായിച്ചുകൊടുക്കാന്‍ വരുന്ന ആരെയോ കാത്തിരിക്കുകയായിരുന്നു. വേദങ്ങളെകുറിച്ചുള്ള പുസ്തകമാണ് ഒന്ന്. കഠിന വായനക്ക് വിശ്രമം നല്‍കാന്‍ ലളിതമായ മറ്റു ചില പുസ്തകങ്ങളും ഒപ്പമുണ്ട്. പിജി യുടെ വായന അങ്ങിനെയാണ്. 1948 ല്‍ യെര്‍വാദാ ജയിലില്‍ നിന്ന് ഇറങ്ങി ആദ്യം തപ്പിയത് വില്‍ഡ്യൂറന്റിന്റെ പതിനൊന്ന് സഞ്ചികയുള്ള “നാഗരികതയുടെ കഥയുടെ നാലാം സഞ്ചികയായിരുന്നുവെന്ന് പിജി മുമ്പ് എഴുതിയിട്ടുണ്ട്. അന്ന് അത്രയേ ഇറങ്ങിയിരുന്നുള്ളു. എന്തിനെയോ തേടുന്ന കുട്ടിയുടെ ആകാംഷയോടെയാണ് അദ്ദേഹം പുസ്തകം മറിക്കുന്നത് കണ്ടിട്ടുള്ളത്. വായനക്ക് വയ്യാതായപ്പോഴും അദ്ദേഹത്തിന്റെ കണ്ണുകള്‍ നോക്കിയിരുന്നത് ഏതോ അറിവിനെയായിരുന്നു. ദേശാഭിമാനി വാരികയുടെ പത്രാധിപരും ചെറുകാടിന്റെ മകനുമായ കെ പി മോഹനും പത്രത്തിലെ ന്യൂസ് എഡിറ്റര്‍ കെ വി സുധാകരനും അന്ന് പിജിയെ കാണാന്‍ പോയത് അദ്ദേഹത്തിന്റെ ആത്മകഥ എഴുതിക്കാനായിരുന്നു. പിജിയുടെ വീട്ടിലേക്കല്ലെ, വെറുതെ ഞാനും കൂടിയതായിരുന്നു. പലപ്രാവശ്യം പറഞ്ഞെങ്കിലും ആത്മകഥ എഴുതാന്‍ ഒരു മടിയായിരുന്നു പിജിക്ക്. തങ്ങളുടെ ആവശ്യം പിജി യോട് മോഹനന്‍മാഷ് ഉറക്കെ ഉറക്കെ പറയുമ്പോഴും തലകുലുക്കിയ പിജിയുടെ കണ്ണുകള്‍ നേരത്തെ പറഞ്ഞതുപോലെ എന്തിനേയോ തേടുകയായിരുന്നു. ആത്മകഥ എഴുതാമെന്ന് സമ്മതിച്ച പിജി കുറച്ചു കഴിഞ്ഞപ്പോള്‍ മോഹനന്‍മാഷെ അടുത്തേക്ക് വിളിച്ചു. എന്നിട്ട് ചെവിയില്‍ ഒരു ചോദ്യം: “ഇവിടെയൊക്കെ സ്ഥലത്തിന്റെ അല്ലെങ്കില്‍ പ്രദേശത്തിന്റെ ഏറ്റവും ചെറിയ യൂണിറ്റ് കരയാണ്. മലബാറിലൊക്കെ എന്താണ്? കര എന്നല്ല, അതെനിക്കറിയാം. മറ്റെന്തോ ആണ്. ഞാന്‍ അതിങ്ങനെ അന്വേഷിച്ചു വരികയായിരുന്നു. എന്താണെന്ന് പറയാമോ?
തങ്ങള്‍ വളരെ കാര്യമായി ആത്മകഥയുടെ കര്യങ്ങള്‍ പറഞ്ഞപ്പോഴും പിജിയുടെ കണ്ണുകള്‍ വിദൂരതയില്‍ പരതിയത് എന്തിനെയായിരുന്നുവെന്ന് മോഹനന്‍മാഷിന് മനസിലായി. ഒരു ചെറുചിരിയോടെ മോഹനന്‍മാഷ് ഒരു സ്കൂള്‍കുട്ടിയെ പോലെ ഉത്തരം പറഞ്ഞു: അംശം.
ഹൊ, പിജി യുടെ മുഖം ഒന്നു കാണണമായിരുന്നു. മഹാനിധി കിട്ടിയ സന്തോഷത്തോടെ ആ വാക്ക് ഉഛരിച്ചുകൊണ്ടിരുന്നു: അംശം...അംശം..ഇപ്പോള്‍ മനസിലായി. ഞാനൊരു പുസ്തകം എഴുതുന്നുണ്ട്. അതില്‍ ഭൂമിസംബന്ധമായ ചിലകാര്യങ്ങള്‍ വരുന്നുണ്ട്. അതില്‍ ചേര്‍ക്കാനായിരുന്നു....’’
അടുത്ത അന്വേഷണത്തിനായി ആ കണ്ണുകള്‍ വീണ്ടും വിദൂരതയിലേക്ക് കയറും മുമ്പേ മോഹനന്‍ മാഷിന്റെ പിന്നാലെ ഞങ്ങളും യാത്ര പറഞ്ഞിറങ്ങി.

