Sunday, August 28, 2011
പ്രണയം മണത്ത
പ്രണയം മണത്ത
എട്ടടിവീരന്മാര്‍
ഒടിഞ്ഞ ചാരുകസേരയും ചരിത്രപുസ്തകവുമായി നട്ടുച്ചക്കുപോലും വെളിച്ചം വീഴാത്ത ആ ചെറുകാട്ടിലൂടെ നടക്കുമ്പോള്‍ ഞാന്‍ കണ്ടിട്ടുണ്ട്, പതിഞ്ഞ് പതിഞ്ഞ് അനങ്ങിയകലുന്ന വീരന്മാരെ. നിറയെ ചിതല്‍പുറ്റുള്ള പറമ്പായിരുന്നു. ചിതല്‍പുറ്റുകളുടെ തലഭാഗം കല്ലെറിഞ്ഞ് പൊട്ടിച്ചാല്‍ അവന്‍ തലപൊക്കും, പത്തിവിടര്‍ത്തും. ഹൊ, 3 ജി ചിത്രത്തിനുപോലും ഇത്ര ക്ളാരിറ്റിയില്ല. ഒന്ന് ഭയപ്പെടുത്താനാണ്. ഒരു ശല്യവുമുണ്ടാക്കാതെ ഈറ്റക്കാടുകള്‍ക്കിടയിലേക്ക് അവ ഒളിക്കും.
മൂത്തുമുരടിച്ച ചെത്തിച്ചെടികളില്‍ കറുപ്പുരാശിയുള്ള ചുവന്നപൂക്കള്‍ നിറയെ. ഇലവീണ് ചീഞ്ഞ് ചീഞ്ഞ് സ്പോഞ്ച് ബെഡ്പോലെയാണ് മണ്ണ്. അതിനടിയിലും പതുങ്ങിയിരിക്കാറുണ്ട് മൂര്‍ഖന്മാര്‍. പറമ്പിന്റെ അങ്ങേത്തലയ്ക്കല്‍ ചെറിയകൂരയില്‍ കഴിയുന്ന കേളരുച്ചേട്ടന്‍ തന്നെയാണ് ഇവിടുത്തെ സര്‍പ്പവിശേഷങ്ങള്‍ പങ്കുവയ്ക്കാറുള്ളത്. എല്ലാ ഇനങ്ങളുമുണ്ട്. കരി, എട്ടടി, പുല്ലാനി....പകല്‍പോലും വെളിയിലിറങ്ങാന്‍ മടിക്കാത്ത കൂട്ടം. അപ്പോള്‍ രാത്രിയിലോ. അവരുടെ വിഹാരം തന്നെ. ഈ കാട് താണ്ടിമാത്രമേ രാത്രികാലങ്ങളില്‍ എനിക്ക് ഖദീജയെ കാണാന്‍ ആ കുഴിയന്‍ കക്കൂസിന്റെ പിന്നിലെത്താനാവു. സന്ധ്യകഴിഞ്ഞാല്‍ ഏഴ്മണിമുതല്‍ ഒമ്പതുവരെ അവളുടെ വീട്ടിലുള്ള മറ്റുള്ളവര്‍ സീരിയലില്‍ കണ്ണുനട്ടിരിക്കും. മുന്‍ഭാഗത്ത് വീടാണ്, പിന്‍ഭാഗത്ത് കാട്. കാടു തന്നെ ശരണം. എത്രയെത്ര രാത്രികള്‍. കോരിച്ചൊരിയുന്ന മഴയത്ത് കുടയില്ലാതെ നനഞ്ഞ് കുളിച്ച് അവിടെ ചെന്നാല്‍ അവള്‍ പാവാട കൊണ്ട് തലതോര്‍ത്തിത്തരും. ശരീരത്തിനുമാത്രമല്ല അവളുടെ വസ്ത്രങ്ങള്‍ക്കും സുഗന്ധം തന്നെ.
കൂട്ടിമുട്ടിയാല്‍ അറിയാത്ത ഇരുട്ടത്തും കൃത്യമായി വേലിചാടിക്കടന്ന് അവിടെയെത്തും. ചിതല്‍പുറ്റുകള്‍ ചവിട്ടി, സ്പോഞ്ച്പോലുള്ള കരിയിലക്കട്ടികള്‍ ചവിട്ടി, ഈറ്റക്കാടിനിടയിലൂടെ......എനിക്കറിയാമായിരുന്നു വഴിയിലെല്ലാം പതിയിരിക്കുന്ന വീരന്മാരെ. ഒരു പക്ഷെ, അവര്‍ നോക്കിയിരുന്നിട്ടുണ്ടാകും. പ്രണയത്തിന്റെ ചെമ്പകങ്ങള്‍ വിരിയുന്ന രാവുകള്‍ക്ക് കാതോര്‍ത്ത്. അതോര്‍ക്കുമ്പോള്‍ നാലുകെട്ടില്‍ എം ടി എഴുതിയത് വീണ്ടുമെടുത്ത് വായിക്കും. നിളയില്‍ കുളിച്ചു മടങ്ങുന്ന സുന്ദരിമാരുടെ സുഗന്ധം പുല്ലാനിക്കാടുകളില്‍ ഒളിച്ചിരിക്കുന്ന മൂര്‍ഖന്‍പാമ്പുകള്‍ പത്തിവിടര്‍ത്തിനിന്ന് ആസ്വദിക്കുമത്രെ.
സോറി, എന്റെ ട്രാഷ്ബോക്സ് നിറഞ്ഞിരിക്കുന്നു. അവ ഡിലിറ്റ് ചെയ്തിട്ട് ഉടനെ വരാം.....
Wednesday, August 10, 2011
ഖദീജയുടെ മണം
എഴുതാന്‍ തന്ന റൈനോള്‍ഡ് പേന തിരിച്ചുകൊടുത്തപ്പോഴാണ് അവളുടെ കൈത്തണ്ടയില്‍ ഞാന്‍ ആദ്യമായി തൊട്ടത്. അപ്പോള്‍, എന്റെ ഔട്ട്ബോക്സില്‍ നിന്ന് അറിയാതെ ആ പ്രണയസന്ദേശം പറന്നുചെന്നു. ചെമ്പകങ്ങള്‍കൊണ്ട് നെയ്തെടുത്ത സന്ദേശം. ഞങ്ങള്‍ ഒരുമിച്ച് ഒരു ചെമ്പകപ്പൂവ് മണത്തുറങ്ങിയ ഒരു റംസാന്‍ കാലമുണ്ട്. മാമരങ്ങളില്‍ കിളികള്‍ മൂളിയുറങ്ങിയ പറമ്പില്‍ ഒന്നിനെയും ഭയക്കാതെ കഴിഞ്ഞ രാവുകള്‍. ആര്‍ദ്രമായ നിലാവ് തഴുകുമ്പോള്‍ ചന്ദനപ്പള്ളിയില്‍ നിന്ന് ബീഫ് പുഴുങ്ങിയ മണം ഇടിച്ചുകയറിയെത്തിരുന്നു, ഒരു ഗൂഗിള്‍ അലര്‍ട്ട് പോലെ.
ഇരുട്ടില്‍ പതിവായി ഒന്നിക്കാറുള്ള കക്കൂസിന്റെ പിന്നാമ്പുറം ഞങ്ങള്‍ക്ക് കദളീവനമായിരുന്നു. പകല്‍ ആളുകള്‍ മൂക്കുപൊത്തിമാത്രമേ അതുവഴി പോകാറുള്ളു. ഞാനും പണ്ട് മൂക്കുപൊത്തി കാര്‍ക്കിച്ചു തുപ്പി നടന്നു പോയത് ഓര്‍ക്കുന്നു. ഖദീജയെ അവിടെ വച്ചാണ് ആദ്യം ചുംബിച്ചത്. ആദ്യം ആലിംഗനം ചെയ്തത്. അവളുടെ തുളസിമണമുള്ള കവിളിലും കയ്യിലും എന്റെ നാസാദ്വാരങ്ങള്‍ തേടിയലഞ്ഞത്.
ആ കക്കൂസിനെ കുറിച്ചറിയേണ്ടെ? വലിയൊരു കുഴിക്ക് മുളില്‍ കൊന്നത്തെങ്ങിന്റെ രണ്ട് തടി കുറുക്കെയിട്ടിരിക്കുന്നു. ചുറ്റും ദ്രവിച്ച് വീഴാറായ ഓലമെടല്‍ മറ. ആളനങ്ങിയാല്‍ കുഴിയില്‍ നിന്ന് ഈച്ചയുടെ ഇരമ്പത്തോടെയുള്ള ഉയര്‍ച്ച, സൈബര്‍ അറ്റാക്കുകള്‍ നാണിച്ചു നില്‍ക്കും. എഴുപതുകളിലെ ശരാശരി ഗ്രാമീണന്റെ കക്കൂസ്. ഇന്ന് അവിടെയൊരു മണിമാളികയുണ്ട്. അകത്ത് മൂക്കുതുളക്കുന്ന പെര്‍ഫ്യൂമുകളുണ്ട്. എങ്കിലും എന്റെ മൂക്കില്‍ ആ പഴയമണം തന്നെയാണുള്ളത്. ഈച്ചകളുടെ ഇരമ്പമാണുള്ളത്. അങ്ങിനെയൊരു കക്കൂസുള്ളിടത്ത് ഇനിയും ഖദീജ വരും. എനിക്കുറപ്പുണ്ട്.
സത്യം, എന്റെ ഇന്‍ബോക്സില്‍ ഒരു സന്ദേശം ചാടിയിട്ടുണ്ട്.
Tuesday, August 9, 2011
Subscribe to:
Posts (Atom)