താഴിട്ട പ്രണയങ്ങള്‍
ഈയിടെ പാരീസില്‍ പോയപ്പോള്‍ ലോകപ്രസിദ്ധമായ ലവേഴ്സ് ബ്രിഡ്ജില്‍ പോയി. പ്രണയികളുടെ പാലം. അത്ഭുതപ്പെട്ടു. വര്‍ണരാജികളുടെ നീറക്കാഴ്ചയൊരുക്കി താഴുകള്‍ നീറയെ. സീന്‍ നദിക്കു കുറുകെ നീണ്ട പാലത്തിന്റെ കൈവരികളില്‍ തിങ്ങിനിറഞ്ഞ് വര്‍ണത്താഴുകള്‍. ശരിക്കും പ്രണയത്തിന്റെ വൈവിധ്യങ്ങള്‍ പോലെ. കാമുകീകാമുകന്മാര്‍, ഭാര്യാഭര്‍ത്താക്കന്മാര്‍ ഒന്നിച്ച് തങ്ങള്‍ കൊണ്ടു വന്ന താഴ് ഈ പലത്തിലെ ചങ്ങലകളില്‍ കൊളുത്തി ഒന്നിച്ച് പൂട്ടുകയാണ്. എന്നിട്ട് താക്കോല്‍ നദിയിലേക്കെറിയും. ഈ സ്ഹോലിംഗങ്ങള്‍ ഒരിക്കലും വേര്‍പിരിയരുതേ എന്ന പ്രാര്‍ഥയോടെ. താക്കോല്‍ തുരുമ്പിച്ച് ദ്രവിച്ചാലും പ്രണയബന്ധങ്ങളുടെ താഴ് മരണം വരെ പൂട്ടിക്കിടക്കട്ടെ എന്നാണ് സങ്കല്‍പം. പ്രണയിക്കുന്നവര്‍ക്ക് മാത്രമാണ് ഈ പാലം. ഹൃദയത്തില്‍ പ്രണയമുള്ളവര്‍ മാത്രം ഇറ്റലയില്‍ യാത്ര ചെയ്താല്‍ മതിയെന്ന് പണ്ട് ആന്റണ്‍ചെഖോവ് എഴുതിയത് ഓര്‍മ്മവന്നു. എന്റെ മുന്നില്‍ വച്ചും പ്രണയത്തിന്റെ താഴ് ബന്ധിക്കുന്ന കാമുകീകാമുകന്മാരെ കണ്ടു. എത്ര ആത്മാര്‍ത്ഥമായാണ് അവര്‍ ആ താക്കോല്‍ പുഴയിലേക്കെറിയുന്നത്. ഒരു താഴിനു പോലും ഇടമില്ലെന്ന് തോന്നിക്കുന്ന സ്ഥലത്തും ആയിരങ്ങള്‍ താഴിടുന്നതു കണ്ടു. അങ്ങിനെയാണല്ലോ, ഒരിച്ചിരി ഇടം കിട്ടിയാല്‍ പ്രണയം പി പറഞ്ഞതുപോലെ, കയ്പവല്ലിയായി പടരും. ആ പ്രണയപാലത്തിന്റെ മധുരസ്മരണ നിറഞ്ഞിരിക്കെ ഈയിടെ ഒരു വാര്‍ത്ത പിടിഐ യില്‍ വന്നു. പാരീസിലെ ലൌവേഴ്സ് ബ്രിഡ്ജിന്റെ വലിയ കൈവരി തകര്‍ന്ന് നദിയില്‍ പോയി. ലക്ഷക്കണക്ക്നു താഴുകള്‍ വെള്ളത്തില്‍ ഒലിച്ചു. വാര്‍ത്ത വായിച്ച് ഞാന്‍ ഞെട്ടി. പിന്നാലെ വന്നു പാരീസ് അധികൃതരുടെ പ്രസ്താവന: പോയ താഴുകള്‍ക്ക് പകരം പുതിയത് ഞങ്ങള്‍ തന്നെ സ്ഥാപിക്കും! പ്രണയത്താഴ്നു പകരമോ? എനിക്ക് ഒരു എത്തും പിടയും കിട്ടിയില്ല. ഒന്നു മാത്രം ഞാന്‍ മസില്‍ കുറിച്ചു: പാലം തകര്‍ന്ന വാര്‍ത്ത അവിടെ താഴിട്ടു പൂട്ടിയ ഒരു കാമുകിയും കാമുകനും കാണാതിരിക്കട്ടെ....
