Saturday, December 29, 2012

സിനിമയുടെ ഇന്‍ബോക്സ്


ഐഎഫ്എഫ്കെ എന്നാല്‍ ഇന്റര്‍നാഷണല്‍ ഫിലിംഫെസ്റ്റിവെല്‍ എന്ന് വലിപ്പത്തില്‍ പറയാം. ഇന്റര്‍നാഷനലും വലിപ്പവും. അള്‍ജീരിയയിലെ റോഡ്, ഇറാനിലെ കലാപം, ഫ്രാന്‍സിലെ ശാന്തസുന്ദരമായ തെരുവുകള്‍, പുകഞ്ഞും കുടിച്ചും കാമാര്‍ത്തി തീര്‍ക്കുന്ന യൂറോപ്യന്‍ കിടപ്പറകള്‍, സ്കൂള്‍..മഞ്ഞ്..വെയില്..ഇരുട്ട്. ലോകത്തിന്റെ മറുവശം എന്തെന്ന് എപ്പോഴും ആലോചിക്കുന്നവര്‍ക്ക് സിനിമയുടെ കഥയ്ക്കും കഥാപാത്രങ്ങള്‍ക്കുമപ്പുറമുള്ള കാഴ്ചകള്‍ അനവധിയാണ്-അതുകൊണ്ട് ഇന്റര്‍നാഷനല്‍.
കുറസോവയുടെ 'ഡ്രീംസ്', സിനിമയുടെ ഭാഷയെന്തെന്ന് പഠിപ്പിക്കുന്നു. കാഴ്ചയും ശബ്ദവും നിങ്ങളുടെ അനുഭവങ്ങളില്‍ പുതിയ പോറലുകളുണ്ടാക്കുന്നു. സംഭാഷണം അതിനെ സഹായിക്കാനുള്ളത് മാത്രമാണ്. സംഭാഷണമല്ല സിനിമ. ഒരു കവിയത്രിയുടെ കഥയാണ് 2012 ലിറങ്ങിയ പോര്‍ച്ചുഗീസ് ചിത്രം 'ഫ്േളോര്‍ബേല'. സ്വസ്ഥമായ വിവാഹ ജീവിതത്തിന് കവിതയെഴുത്ത് നിര്‍ത്തുന്ന ബേല കടുത്ത സംഘര്‍ഷത്തിനും വിഷാദരോഗത്തിനും അടിമയാകുന്നു. മുറിയില്‍ ഉലാത്തിയും സിഗരറ്റ് വലിച്ചും അലസമായി നടന്നും ഓടിയും ഒക്കെയുള്ള രംഗങ്ങള്‍. അങ്ങിനെയോടുമ്പോള്‍ ഭാഗികമാമയി മുഖം മറച്ച ഒരാള്‍ ബേലയെ കൈപിടിച്ച് വലിച്ച് ഒരു മറവിലേക്ക് കൊണ്ടുപോകുന്നു. ചുണ്ട് കടിക്കുന്നു, മുലകുടിക്കുന്നു, യോനിയിലും....അതിനിടയില്‍ ബേല ചോദിക്കുന്നുണ്ട് 'ഹു ആര്‍ യു' എന്നൊക്കെ....ശരീരവും മനസും ലോകവും വെവ്വേറെയാകുന്ന അവസ്ഥ. ഒരു വാട്ടര്‍ റൈഡില്‍ കയറുന്നതുപോലെയാണ്; നിങ്ങള്‍ക്ക് അവസാനം വരെ ആ സിനിമ കണ്ടേ പറ്റു.
ബംഗാളി ഫോകിന്റെ സ്ത്രീകല്‍പനകള്‍ ഇന്ത്യന്‍ ആത്മീയതയുടെയും സൂഫിസങ്കല്‍പങ്ങളുടെയും മിശ്രണങ്ങളാണെന്ന് പറയാം. ലൈംഗീകതയിലൂടെ സ്ത്രീ പുരുഷനെ ആത്മസംഘര്‍ഷത്തില്‍ നിന്ന്, ചൂടില്‍ നിന്ന്, കലാപത്തില്‍ നിന്ന് ഒക്കെ മോചിപ്പിക്കുന്നു. അത് നാളെയെ സംരക്ഷിക്കുന്നു. സമാധാനത്തെ വിളിച്ചു വരുത്തുന്നു..ഇതൊക്കെയാണ് 'കോസ്മിക് സെക്സ്' എന്ന സിനിമ പറയുന്നത്. സംഘര്‍ഷഭരിതമായ മനസുമായി ഓടിക്കയറുന്ന കൌമാരക്കാരനെ യോഗിനിയായ യുവതി മാറ്റിയെടുക്കുന്നത് സെക്സിലൂടെയാണ്. സൃഷ്ടിയുടെയും പ്രകൃതിയുടെയും സ്ത്രീയുടെയും മഹത്വം ദൃശ്യങ്ങളുടെ കലവറയൊരുക്കുകയാണ്. മലയാളത്തില്‍ സ്വപ്നം കാണാന്‍ കഴിയാത്ത ചിത്രം.
നൊ-എന്ന ഒറ്റവാക്കിലൂടെ വിപ്ളവകാരികളുടെ സാമര്‍ത്ഥ്യം തെളിയിച്ച 'നോ'. ചെറിയ കാര്യങ്ങളുടെ വലിയ ദൃശ്യങ്ങള്‍ പുതിയ അനുഭവതലങ്ങള്‍ക്ക് 'ഇന്‍ബോക്സു'കളൊരുക്കുന്നു-അതുകൊണ്ട് വലിപ്പം.
രണ്ടു കാര്യം ശ്രദ്ധിക്കണം, ഫെസ്റ്റിവലിനു മുന്നോടിയായി ചില സിനിമക്കാരും മാധ്യമങ്ങളും ചേര്‍ന്ന് കാണേണ്ട ചിത്രങ്ങളുടെ ലിസ്റ്റ് പ്രഖ്യാപിക്കും. ആ ഭാഗത്തേക്കേ പോകരുത്. ഏതെങ്കിലും തീയറ്ററിലേക്ക് കയറുക. അവിടെയോടുന്ന സിനിമ കാണുക. നല്ല സിനിമ നിങ്ങള്‍ കാണുന്നതാണ്. സംഘാടകര്‍ ഒരു പുസ്തകം തരും. പുസ്തകത്തിലെ കഥനോക്കി സിനിമ കാണരുത്. ഇതെന്താ കഥകളിയോ? കഥയറിഞ്ഞ് സിനിമ കാണാന്‍. കഥയറിയാത്തവനെ, ഭാഷയറിയാത്തവനെ, ലോകമറിയാത്തവനെ...ഒക്കെ സിനിമക്ക് അറിയാം. പിന്നെന്തിന്...

Friday, November 23, 2012

ഉല്‍പതിഷ്ണുവിന്റെ കണ്ണ്


ഉല്‍പതിഷ്ണു എന്നൊരു വാക്ക് മലയാളത്തില്‍ ധാരാളം കേള്‍ക്കുകയും വായിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ശ്രകണ്ഠേശ്വരത്തിന്റെ ശബ്ദതാരാവലിയിലോ കാണിപ്പയ്യൂരിന്റെ സംസ്കൃത നിഘണ്ടുവിലോ ആ വാക്ക് കാണുന്നില്ല. എന്റെ തപ്പലിന്റെ മേന്മയാകാം. ഇനി പണ്ഡിതഗ്രാഹ്യന്മാര്‍ അപ്രകാരമൊരു വാക്ക് അംഗീകരിക്കാത്തതുകൊണ്ടാണോ എന്തോ, അറിയില്ല. പക്ഷെ, കേട്ടേടം കൊണ്ട്  ആ വാക്കിന് മനസിലാക്കിയ അര്‍ഥം “എപ്പോഴും മാറ്റങ്ങള്‍ക്കായി കണ്ണും കാതും കൂര്‍പ്പിച്ചിരിക്കുന്നയാള്‍ എന്നാണ്. വാക്കിന്റെ ശക്തികൊണ്ടും രൂപംകൊണ്ടും കേട്ട അര്‍ഥം കൊണ്ടും അത് നന്നായി ചേരുന്ന ഒരാള്‍ പിജി എന്ന പി ഗോവിന്ദപ്പിള്ളയാണ് എന്ന് തോന്നിയിട്ടുണ്ട്. വിജ്ഞാനങ്ങളിലേക്ക് മാത്രം അടക്കുകയും തുറക്കുകയും ചെയ്യുന്ന കണ്ണുകളുള്ള പിജി ക്ക് ചേര്‍ന്ന വാക്ക്.
വിജെടി ഹാളില്‍ ആ കണ്ണുകള്‍ അടഞ്ഞു കിടക്കുന്നത് കണ്ടപ്പോള്‍ ഏതോ ഗ്രാഹ്യപ്രതിബന്ധമുള്ള വിഷയത്തെക്കുറിച്ചുള്ള അന്വേഷണമാണെന്നേ തോന്നിയിട്ടുള്ളു. എണ്‍പതുകളിലെന്നോ ആണ് ഓടയ്ക്കാലിയില്‍ എസ് എന്‍ നായരുടെ നീണ്ട ഭവനത്തിന്റെ കിഴക്കേമൂലയില്‍ കെട്ടിയ ചെറിയ പന്തലില്‍ കയ്യില്‍ മൈക്ക് പിടിച്ച് ആഗോളകാര്യങ്ങളില്‍ ചിലത് വിശദമാക്കിയ പിജി യെ ഓര്‍മ്മ വന്നു. രാഷ്ട്രീയ പ്രസംഗമാണ്. ആഫ്രിക്കന്‍ രാജ്യങ്ങളിലൊന്നിലെ പ്രശ്നവും അതിന് കാരണക്കാരായ അമേരിക്കയുമാണ് വിഷയം. ജനങ്ങളെ സ്വതന്ത്ര ചിന്തയിലേക്ക് കടക്കാന്‍ വിസമ്മതിക്കുന്ന സാമ്രാജ്യങ്ങളുടെ ചരിത്രം അദ്ദേഹം അവിടെ വിളമ്പി. ഓരോ കാര്യം വിശദമാക്കുമ്പോഴും ഓര്‍മിച്ചെടുക്കാന്‍ കണ്ണടയ്ക്കുന്ന പിജി ഉദ്ദേശിച്ചത് പറയാന്‍ കഴിഞ്ഞുവെന്ന സന്തോഷത്തില്‍ കണ്ണ് മിഴിച്ച് ഓരോരുത്തരെയും നോക്കും. പിജിയുടെ വാക്കുകള്‍ എത്രനേരവും ശ്രവിക്കാന്‍ തയ്യാറായ അനവധി പേര്‍ അവിടെ ഉണ്ടല്ലോ. ഓടക്കാലിയിലും മേതലയിലും പുല്ലുവഴിയിലുമുള്ള തലമുതിര്‍ന്നവര്‍ക്ക് പിജി ഒരു സൈദ്ധന്തികനോ ബുദ്ധിജീവിയോ അല്ല, അവരുടെ ശുണ്ഠിക്കാരനായ ഗോവിന്ദപ്പിള്ളച്ചേട്ടനാണ്.
ടി കെ രാമകൃഷ്ണന്‍ സാംസ്കാരിക മന്ത്രിയായിരുന്ന കാലത്ത് ശ്രീശങ്കരാചാര്യരുടെ 1200 ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി കാലടിയില്‍ വിപുലമായ സെമിനാറുകളും താത്വിക സംവാദങ്ങളും സംഘടിപ്പിക്കുകയുണ്ടായി. അന്ന് പിജി ഒരു പ്രധാനപേപ്പറിന്റെ അവതാരകനുമായിരുന്നു. അവതരിപ്പിക്കുന്ന പേപ്പര്‍ അച്ചടിച്ച് ബുകായി പ്രതിനിധികള്‍ക്ക് വിതരണം ചെയ്തിരുന്നുവെന്നതിനാല്‍ ദീര്‍ഘമായി സംസാരിക്കാന്‍ ആര്‍ക്കും അവസരം നല്‍കിയില്ല. ഒരാള്‍ക്ക് പത്ത് മിനിറ്റ്, വിതരണം ചെയ്ത പേപ്പറില്‍ എന്തെങ്കിലും പിശകുണ്ടെങ്കിലോ, കൂടുതലായി എന്തെങ്കിലുമുണ്ടെങ്കിലോ പറയാം. പിജി ആദിശങ്കരനെ കുറിച്ച് ലോകത്ത് പ്രസിദ്ധീകരിക്കപ്പെട്ട മികച്ച ഗ്രന്ഥങ്ങളിലെ ഉത്തമമായ വ്യാഖ്യാനങ്ങളടക്കം അതിഗഹനമായി സംസാരിച്ചുകൊണ്ടിരിക്കെ അധ്യക്ഷന്‍ അരോചക ശബ്ദമുള്ള ബെല്ലടിച്ചു, തെല്ലും ഔചിത്യമില്ലാതെ. പ്രസംഗം തടസപ്പെട്ട പിജി വാസ്തവത്തില്‍ പൊട്ടിത്തെറിച്ചു. വേദിയിലെ മര്യാദകളെ കുറിച്ച് ക്ഷോഭിച്ച് പറഞ്ഞ അദ്ദേഹം പ്രതിഷേധിച്ച് ഇറങ്ങിപ്പോകാന്‍ വരെ തുടങ്ങി. സംഘാടകരായ സര്‍ക്കാര്‍ പ്രതിനിധികള്‍ വന്ന് പിജിയെ സമാധാനിപ്പിച്ച് ആവശ്യാനുസരണം സമയം നല്‍കി. എല്ലാം കഴിഞ്ഞ് അധ്യക്ഷനു നേരെ രൂക്ഷമായി ഒന്നു നോക്കി, അത്രമാത്രം.
മരിക്കുന്നതിന് ഏതാനും നാള്‍മുമ്പ് സുഭാഷ്നഗറിലെ വീട്ടില്‍ ചെന്നപ്പോഴും മുറ്റത്തെ മരത്തിനു ചുവട്ടില്‍ വേരുകളിലേക്ക് പിജി നോക്കിയിരിക്കുന്നതാണ് കണ്ടത്. സിറ്റൌട്ടില്‍ വരാന്തയോട് ചേര്‍ന്ന് മൂന്ന് പുസ്തകങ്ങളുമായി ഇരിക്കുന്നു. സ്വയം വായിക്കാന്‍ കഴിയുന്ന കാലം കഴിഞ്ഞിരുന്നു. ആരെങ്കിലും വായിച്ചുകൊടുക്കണം. പതിവായി വായിച്ചുകൊടുക്കാന്‍ വരുന്ന ആരെയോ കാത്തിരിക്കുകയായിരുന്നു. വേദങ്ങളെകുറിച്ചുള്ള പുസ്തകമാണ് ഒന്ന്. കഠിന വായനക്ക് വിശ്രമം നല്‍കാന്‍ ലളിതമായ മറ്റു ചില പുസ്തകങ്ങളും ഒപ്പമുണ്ട്. പിജി യുടെ വായന അങ്ങിനെയാണ്. 1948 ല്‍ യെര്‍വാദാ ജയിലില്‍ നിന്ന് ഇറങ്ങി ആദ്യം തപ്പിയത് വില്‍ഡ്യൂറന്റിന്റെ പതിനൊന്ന് സഞ്ചികയുള്ള “നാഗരികതയുടെ കഥയുടെ നാലാം സഞ്ചികയായിരുന്നുവെന്ന് പിജി മുമ്പ് എഴുതിയിട്ടുണ്ട്. അന്ന് അത്രയേ ഇറങ്ങിയിരുന്നുള്ളു.  എന്തിനെയോ തേടുന്ന കുട്ടിയുടെ ആകാംഷയോടെയാണ് അദ്ദേഹം പുസ്തകം മറിക്കുന്നത് കണ്ടിട്ടുള്ളത്. വായനക്ക് വയ്യാതായപ്പോഴും അദ്ദേഹത്തിന്റെ കണ്ണുകള്‍ നോക്കിയിരുന്നത് ഏതോ അറിവിനെയായിരുന്നു. ദേശാഭിമാനി വാരികയുടെ പത്രാധിപരും ചെറുകാടിന്റെ മകനുമായ കെ പി മോഹനും പത്രത്തിലെ ന്യൂസ് എഡിറ്റര്‍ കെ വി സുധാകരനും അന്ന് പിജിയെ കാണാന്‍ പോയത് അദ്ദേഹത്തിന്റെ ആത്മകഥ എഴുതിക്കാനായിരുന്നു. പിജിയുടെ വീട്ടിലേക്കല്ലെ, വെറുതെ ഞാനും കൂടിയതായിരുന്നു. പലപ്രാവശ്യം പറഞ്ഞെങ്കിലും ആത്മകഥ എഴുതാന്‍ ഒരു മടിയായിരുന്നു പിജിക്ക്. തങ്ങളുടെ ആവശ്യം പിജി യോട് മോഹനന്‍മാഷ് ഉറക്കെ ഉറക്കെ പറയുമ്പോഴും തലകുലുക്കിയ പിജിയുടെ കണ്ണുകള്‍ നേരത്തെ പറഞ്ഞതുപോലെ എന്തിനേയോ തേടുകയായിരുന്നു. ആത്മകഥ എഴുതാമെന്ന് സമ്മതിച്ച പിജി കുറച്ചു കഴിഞ്ഞപ്പോള്‍ മോഹനന്‍മാഷെ അടുത്തേക്ക് വിളിച്ചു. എന്നിട്ട് ചെവിയില്‍ ഒരു ചോദ്യം: “ഇവിടെയൊക്കെ സ്ഥലത്തിന്റെ അല്ലെങ്കില്‍ പ്രദേശത്തിന്റെ ഏറ്റവും ചെറിയ യൂണിറ്റ് കരയാണ്. മലബാറിലൊക്കെ എന്താണ്? കര എന്നല്ല, അതെനിക്കറിയാം. മറ്റെന്തോ ആണ്. ഞാന്‍ അതിങ്ങനെ അന്വേഷിച്ചു വരികയായിരുന്നു. എന്താണെന്ന് പറയാമോ?
തങ്ങള്‍ വളരെ കാര്യമായി ആത്മകഥയുടെ കര്യങ്ങള്‍ പറഞ്ഞപ്പോഴും പിജിയുടെ കണ്ണുകള്‍ വിദൂരതയില്‍ പരതിയത് എന്തിനെയായിരുന്നുവെന്ന് മോഹനന്‍മാഷിന് മനസിലായി. ഒരു ചെറുചിരിയോടെ മോഹനന്‍മാഷ് ഒരു സ്കൂള്‍കുട്ടിയെ പോലെ ഉത്തരം പറഞ്ഞു: അംശം.
ഹൊ, പിജി യുടെ മുഖം ഒന്നു കാണണമായിരുന്നു. മഹാനിധി കിട്ടിയ സന്തോഷത്തോടെ ആ വാക്ക് ഉഛരിച്ചുകൊണ്ടിരുന്നു: അംശം...അംശം..ഇപ്പോള്‍ മനസിലായി. ഞാനൊരു പുസ്തകം എഴുതുന്നുണ്ട്. അതില്‍ ഭൂമിസംബന്ധമായ ചിലകാര്യങ്ങള്‍ വരുന്നുണ്ട്. അതില്‍ ചേര്‍ക്കാനായിരുന്നു....’’
അടുത്ത അന്വേഷണത്തിനായി ആ കണ്ണുകള്‍ വീണ്ടും വിദൂരതയിലേക്ക് കയറും മുമ്പേ മോഹനന്‍ മാഷിന്റെ പിന്നാലെ ഞങ്ങളും യാത്ര പറഞ്ഞിറങ്ങി.

Thursday, November 8, 2012

സ്ഖലിതങ്ങള്‍

എവിടെയൊക്കെയോ ഇട്ടിക്കണ്ടപ്പന്‍ നെല്ലിനു മുളപൊട്ടുന്നതുപോലെ സ്ഖലനങ്ങള്‍ ഉണ്ടായിക്കൊണ്ടിരിന്നു. എത്രയോ അപൂര്‍വം മാത്രമാണ് ജീവന്റെ തുടുപ്പിനെ പുണര്‍ന്ന തായ്വേരുകളായി മാറിയത്. പ്രപഞ്ചത്തിലെ പലതും അങ്ങിനെയാണ്. സൃഷ്ടിയുടെ നിമഷപ്രേരണയിലുള്‍ച്ചേര്‍ന്ന ആത്മസത്തയുടെ പ്രതിഫലനം എല്ലാത്തിലും ഫലാത്മകമാവില്ല. ഇവിടെ ഈ പൌരാണിക റെയില്‍വെ സ്റ്റേഷന്റെ ഓരത്തുള്ള കാട്ടില്‍ എനിക്ക് കാണാം. തല മാനംമുട്ടിക്കാന്‍ വെമ്പുന്ന കൂറ്റന്‍ മഹാഗണിയെ, മഞ്ഞവാകയെ, പ്ളാശരളിയെ... അവയുടെ കൈകാലുകള്‍ പടര്‍ന്ന് നാനാവശങ്ങളിലേക്ക് ബലാല്‍കാരമായി കയറിക്കഴിഞ്ഞു. ആ കമ്പുകളില്‍  ചുറ്റിപ്പിണഞ്ഞ കടുക്കവള്ളിയുടെ പൂര്‍വാന്തരങ്ങളിലെ സ്ഖലിതങ്ങള്‍ക്ക് ഫലപ്രാപ്തിയായി തോന്നി. പൊട്ടിവീണുകൊണ്ടിരിക്കുന്നു കായകള്‍. വേങ്ങയും പലകപ്പയ്യാഞ്ഞിലിയും കാട്ടുമെരുക്കും കൂട്ടശോകവും താളിയും. സ്റ്റേഷന്‍ പരിധിവിട്ടാലും വനസ്ഖലിതാവശിഷ്ടങ്ങള്‍ തീരുന്നില്ല. പക്ഷെ, കൂറ്റന്‍മഹാഗണിയുടെ കാല്‍ക്കീഴില്‍ കുരുട്ടായ ആല്‍മരത്തെ കണ്ടു. നറുനിലാരാത്രിയില്‍ അന്ത്യയാമത്തില്‍ സൃഷ്ടിപൂര്‍വ്വപ്രേരണ ഇതായിരുന്നോ? അല്ല. നാടാകെ പടര്‍ന്ന് തണലും അനവധി പക്ഷികള്‍ക്ക് ആലയവുമായി വിരിഞ്ഞ് സ്വര്‍ണഛവി പടര്‍ത്തി നില്‍ക്കുന്ന അരയാല്‍. സ്ഖലിതങ്ങളുടെ ഗുണിതങ്ങളിലും പിഴവ്!
കൊടുത്ത മരുന്നുമായി രോഗി പടിയിറങ്ങിപ്പോയ ശേഷം മാത്രം കൊടുക്കേണ്ടിയിരുന്ന ശരിയായ മരുന്ന് ഓര്‍മ്മവരാറുള്ള വൈദ്യനെ കണ്ടത് ആ റെയില്‍വെ സ്റ്റേഷനില്‍ വച്ചാണ്. "അയ്യോ! ചതിച്ചല്ലോ...''എന്ന് ഓരോ രോഗി കടന്നുപോകുമ്പോഴും പറയേണ്ടിവരുന്ന ദുര്യോഗം! വൈദ്യത്തില്‍ അന്ന് ലഭ്യമായ എല്ലാ ബിരുദങ്ങളും ഒന്നാമനായി വിജയിച്ച ആ വിഷവൈദ്യന്റെ ദൈന്യം ഏതോ പകല്‍സ്ഖലിതത്തിന്റെ പിന്‍കഥയാവാം. വൈദ്യന്‍ റെയില്‍വെട്രാക്കിന്റെ ഓരത്തുകൂടി നടന്നകന്നു.
പുതിയ ട്രാക്കിനോട് ചേര്‍ന്ന് ദ്രവിച്ച പഴയലൈനിന്റെ ഗേഡറുകള്‍ കണ്ടു. ആദ്യത്തെ റെയില്‍പാതയുടെ അവശിഷ്ടങ്ങള്‍. ഏക്കറ് കണക്കിന് സ്വര്‍ണത്തേക്കുകള്‍ നല്‍കി രാജാവ് നേടിയ പാതയുടെ ബാക്കിപത്രമാണത്. അന്ന് സ്ഖലിച്ചത് ബ്രിട്ടീഷുകാരാണ്. പാതയിലേക്ക് നോക്കിയിരുന്നാല്‍ അങ്ങ് കൊച്ചിയും ഇങ്ങ് നിലമ്പൂരും കാണുമെന്ന് തോന്നുംവിധം നേര്‍രേഖയാണ്.
കോണ്‍ക്രീറ്റ് ബെഞ്ചില്‍ അടുത്തുവന്നിരുന്ന് പരിചയപ്പെട്ടു ഒരു തെക്കന്‍തിരുവിതാംകൂറുകാരന്‍, ഗോപാലന്‍ തമ്പി. ഇയാള്‍ക്കെന്താ മലബാറില്‍ കാര്യം? 'മകള്‍ സിവില്‍സപ്ളൈസ് ഡിപ്പോയില്‍ ക്ളാര്‍ക്ക്. ഒന്നര വയസുള്ള കൊച്ചുമോന്‍ തിരോന്തോരം പുളിയന്‍വിളയില്‍ തന്നോടൊപ്പം. മരുമകന്‍ ദുബായില്‍ ബുര്‍ജ്ഖലീഫക്ക് താഴെ തട്ടുകട.' മൂന്നും മൂന്നു വഴിക്ക്. ആ സ്ഖലിതത്തിന്റെ വികലാംഗത്വം തമ്പിയുടെ മുഖത്ത് നിഴലിച്ചു. ഷൊര്‍ണൂര്‍ പസഞ്ചര്‍ വന്നപ്പോള്‍ അയാള്‍ ഓടിക്കയറി.
ഏറ്റവും പിന്നിലുള്ള ബോഗിയില്‍ നിന്ന് ചെവിയില്‍ ന്യൂജനറേഷന്‍ പാട്ടുകളുമായി @18 കാരന്‍, ഒപ്പം ഒരു പെണ്‍കുട്ടി. അവളുടെ ജീന്‍സിന്റെ ബെല്‍റ്റ്ഹുകിലാണ് അവന്റെ ഇടതു ചൂണ്ടാണി വിരല്‍. ഇരുവരും അരക്കെട്ട് കുലുക്കി പാട്ട് ആസ്വദിക്കുന്നു. ഐഫോന്‍ ഫോര്‍എസിന്റെ ഇന്ദ്രജാലം. റിഹന്ന, നിക്കി മിനാജ്, ബ്രിട്നി....പോപ്....പോപ്...പോപ്. പിന്നില്‍ ഇരുവര്‍ക്കും മുതുകില്‍ മുഴപോലെ ട്രക്കിംഗ് ബാഗുണ്ട്. അടുത്തുകൂടി നടന്നുപോയപ്പോള്‍ മൂക്കുപൊത്തിപോയി, അക്ഷരാര്‍ത്ഥത്തില്‍. ആരുടെയൊക്കെയോ പാഴായ സ്ഖലിതങ്ങള്‍..പണ്ട് മഞ്ജുകുട്ടിക്കൃഷ്ണന്‍ കുളിക്കാത്ത സഹമറിയയില്‍ നിന്ന് ഓടി രക്ഷപ്പെട്ട കാര്യം ഓര്‍മ്മ വന്നു.
നാറ്റമുള്ള ആ സഹമുറിയ ഇന്ന് ദക്ഷിണേന്ത്യയിലെ പ്രശസ്തയായ മാധ്യമപ്രവര്‍ത്തകയാണ്. അതും ആരുടെയെങ്കിലും സ്ഖലിതമാവണമല്ലോ...

Friday, July 13, 2012

വേണാട് എക്സ്പ്രസ്

പൂരപ്പറമ്പിലൂടെ നടക്കുമ്പോഴാണ് ശരിക്കും തൃശൂര്ന്ന് മാറേണ്ടിയിരുന്നില്ലാന്ന് തോന്നിയത്. പാരകളും മറുള്ളവര്‍ വേദനിക്കുന്നതില്‍ ആഹ്ളാദം കൊള്ളുന്നവരും യഥേഷ്ടമുള്ള നഗരത്തിലേക്കുള്ള സ്ഥലം മാറ്റം തല്‍ക്കാലത്തേക്കാണെങ്കിലും, വല്ലാതെ ബാധിച്ചിരിക്കുന്നു, മനസിനെ, ശരീരത്തെ, ചിന്തയെ...ഒക്കെ. തൃശൂരിലേക്കുള്ള ഓരോ മടക്കയാത്രയിലും നഷ്ടങ്ങളെ വീണ്ടെടുകാനാവുമോ എന്ന് ആലോചിച്ചുകൊണ്ടിരിക്കും. പോയസന്ധ്യകളെ ആര് തിരിച്ചുനല്‍കാന്‍? എങ്കിലും ഓരോ പോക്കിലും ഒരു നടത്തയിലൂടെ ചിലതൊക്കെ പൊടിതട്ടിയെടുക്കും.
വടക്കോറത്തുള്ള അശോകം ഒന്നു കൊഴുത്തിട്ടുണ്ട്. ദശാബ്ദങ്ങളുടെ പൂരക്കോളേറ്റ ഞാവലിന് വയസായി. കുറുനരികള്‍ പറത്തിട്ട് പുതിയവിഭാതങ്ങള്‍ക്ക് പ്രതീക്ഷയേകി കുഞ്ഞാവലുകളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പുണ്ട്. ഓരോ കാലാവസ്ഥയ്ക്കും ഓരോ മുഖമാണ് തേക്കിന്‍കാടിന്. ഋതുക്കളുടെ ഇടപെടല്‍ എത്രത്തോളമെന്ന് ചിന്തിച്ച കാളിദാസനെ ഓര്‍ത്തുപോയി. പുരാണ-വേദാതികള്‍ മുഴുവന്‍ പഠിച്ച ശേഷം ഇനി എന്ത് ചെയ്യണമെന്ന് കൌമാരക്കാരനായ കാളിദാസന്‍ ചിന്തിച്ച് മാനത്തേക്ക് നോക്കിയത്രേ. അപ്പോള്‍ അറിയുകയാണ് ഋതുക്കളുടെ ക്രമമായ മാറ്റങ്ങളെ കുറിച്ച്. അത് പഠിച്ച് ഭാവനാപൂര്‍ണമായ കൃതി 'ഋതുസംഹാരം' രചിക്കുന്നു. ഇടക്കിടെ ഈ മൈതാനത്തിലൂടെ നടന്നാല്‍ ഋതുഭേദങ്ങളുടെ തൃശൂര്‍ എന്നൊരു കൃതിയെഴുതാം. ഓരോ യാത്രയിലും പുതിയ പൂരപ്പറമ്പ്! വാഹനങ്ങളും ജനങ്ങളും തിക്കിത്തിരക്കുന്ന നഗരത്തിന്റെ നടുവില്‍ ശുദ്ധവായുവും ഭാവനയും ഇഴുകിച്ചേരുന്ന ഒരിടം.
ഏത് മഴക്കാലത്തും കുളിച്ച് കുഴിപ്പിന്നല്‍ കെട്ടി പൂചൂടി പുറത്തേക്കിറങ്ങുന്ന സ്ത്രീകളെ ഈ നാട്ടിലേ കണ്ടിട്ടുള്ളു. മുടിയുണങ്ങില്ലെന്ന ന്യായം പറഞ്ഞ് രാവിലെ കുളിക്കാതെ ജോലിക്കു പോകുന്നവര്‍ക്ക് ഭൂരിപക്ഷമുള്ള ദിക്കില്‍ നിന്ന് വരുമ്പോള്‍ സ്വാഭാവികമായും സന്തോഷമുള്ള കാഴ്ച.
ഭക്തവത്സലന്മാരുടെ തിരക്കുള്ള പടിഞ്ഞാറേ നടയില്‍ ആല്‍മരത്തിന്റെ സീല്‍ക്കാരത്തിന് ചരിത്രത്തിന്റെ മണമുണ്ട്. വെഞ്ചാമരം പോലെ, ആലവട്ടം പോലെ, വലിയ പത്മനാഭന്റെ വാല്‍രോമം പോലെ ഒക്കെയുള്ള മരങ്ങളുടെയും മാമരങ്ങളുടെയും തളിരിലകള്‍ നനഞ്ഞ് തിളങ്ങുന്നുണ്ട്. വൃത്തിയുള്ള കല്‍വിരിപ്പുകളിലൂടെ മതിലിനോരം ചേര്‍ന്ന് കൊക്കര്‍ണിയുടെ ഭാഗത്തേക്ക് ഞാന്‍ നീങ്ങി. കൂറ്റന്‍മരങ്ങള്‍ ഇരുട്ട് വീഴ്ത്തുന്ന മൂല. ചെറിയ മാലിന്യതീക്കൂട്ടങ്ങളില്‍ നിന്ന് എപ്പോള്‍ വേണമെങ്കിലും ഒരു ഗുണ്ട് പൊട്ടാം. അത് തൊട്ടുമുമ്പുള്ള പൂരത്തിലേതോ അതിനു മുമ്പ് നടന്നവയുടേതോ ആകാം. ശബ്ദത്തിന്റെ ശക്തിയറിഞ്ഞ് ആ ഗുണ്ടിന്റെ വര്‍ഷം പറയുന്നവരും തൃശൂരിലുണ്ടാകാം. പിണ്ഡം മണത്ത് ആനയെ പറയുന്ന നാടാണല്ലോ!
അച്യുതമേനോനും, എംആര്‍ബിയും, പ്രേംജിയും, നവാബും, വിവി യും, പണ്ടാരത്തും കുഴൂരും അന്നമനടയും, തീറ്ററപ്പായിയും,  മേന്നേ..മേന്നേ എന്ന് വിളിച്ച് കൈക്കോട്ടുമായി ചേറൂരിലെ വീട്ടിലെത്താറുള്ള രാജപ്പനും നടന്ന നടവഴികളിലൂടെ പാദങ്ങള്‍ ഊന്നി. ഹൊ, ശരിക്കും ആശ്വാസമുണ്ട്. കുറച്ചു കാലത്തേക്ക് ഒരു സമാധാനം! ട്രെയിനിന് സമയമായി, സ്റ്റേഷനിലെത്തണം. നടുവിലാലില്‍ നിന്ന് ഓട്ടോ പിടിച്ചു.
പത്ത് മിനിറ്റിനകം വണ്ടി വന്നു, വേണാട് എക്സ്പ്രസ്. റെയില്‍വെയും ദീര്‍ഘദൂര യാത്രകാരും അഭിമാനിച്ചിട്ടുണ്ട്്, ഈ ട്രെയിനിന്റെ പേരില്‍, കാല്‍നൂറ്റാണ്ട് മുമ്പ്. ആദ്യം എറണാകുളത്തേക്കും പിന്നീട് ഷൊര്‍ണൂരേക്കും നീട്ടിയ അതിവേഗ എക്സ്പ്രസ് ട്രെയിന്‍. ഇന്ന് ഇതൊരു പാസഞ്ചറാണ്! ചണ്ടിയും ചാണകവും പാവങ്ങളും സഞ്ചരിക്കുന്ന വണ്ടിയെന്നാണ് ചിലരുടെ കമന്റ്! അഞ്ച് മണിക്കൂര്‍ കൊണ്ട് തൃശൂരില്‍ നിന്ന് തിരുവനന്തപുരത്തെത്തുന്ന ജനശതാബ്ദിയാണ് ഇന്നത്തെ ട്രെയിന്‍. പക്ഷെ, ഏഴ് മണിക്കൂറെടുക്കുന്ന വേണാടില്‍ ഞാനെന്തിനു കയറി. ആന്റണ്‍ ചെഖോവിന്റെ 'എന്റെ ജീവിതം' വായിക്കാനോ? ആയിരിക്കാം. അതില്‍ ആഷോഗിന്‍ അമ്മ പറയുന്നുണ്ട്: "പ്രകൃതി ദൃശ്യം വരയ്ക്കുക വളരെ ബുദ്ധിമുട്ടുള്ളതാണ്'' എന്ന്. വളരെ എളുപ്പം എന്ന് തോന്നാമെങ്കിലും പ്രകൃതിയുടെ സൂക്ഷ്മതകളെയാകെ ഒപ്പിയെടുക്കാന്‍ വാന്‍ഗോഗിനെ പോലെ എല്ലാവര്‍ക്കും കഴിയുന്നതല്ല. ചെഖോവ് പറഞ്ഞതാണ് ശരി. ജനശതാബ്ദി വേഗത്തിലെത്തും, എങ്ങും നിര്‍ത്തില്ല. പക്ഷെ, വേണാടില്‍ എല്ലാവരും കയറും, കിടക്കും, വൃത്തികേടാക്കും, രോഗികള്‍ കരയും, ഒളിച്ചോടുന്നവര്‍ കെട്ടിപ്പിടിച്ചിരിക്കും, ടിക്കറ്റെടുക്കാന്‍ പണമില്ലാത്തവര്‍ സീറ്റുണ്ടെങ്കിലും ഇരിക്കാതെ വാതിലിന് ചാരെ കുത്തിയിരിക്കും. വേണാടിന്റെ തറയില്‍ നിറയെ വെള്ളം കെട്ടി ചെളികൂടിയിരിക്കുന്നുണ്ട്. ഭക്ഷണ പദാര്‍ഥങ്ങളുടെ കവറുകളും കുപ്പികളും. അടുത്തിരിക്കുന്ന മെലിഞ്ഞ ചേട്ടത്തി ഭര്‍ത്താവിനോട് പറയുന്നത് കേട്ടു: "മോന്റെ ഫീസ് നാളെ കൊടുക്കണം''.
"ഹുംംം...ഞാനൊരു വഴി കണ്ടിട്ടുണ്ട്.'' അയാള്‍ പറഞ്ഞു.
തീരവും പാടവും മലയും താണ്ടി എക്സ്പ്രസ് അതിന് പറ്റുന്ന പോലെ കുതിച്ചു.....പഴയ വേണാട് രാജ്യത്തേക്ക്.

Thursday, June 28, 2012

അവശിഷ്ടങ്ങളില്‍ നിന്ന് വിശിഷ്ടം

ജനപ്പെരുപ്പത്തിന്റെ മായാത്ത ചിഹ്നങ്ങള്‍ മാറിമാറിവന്ന് മാഞ്ഞുകൊണ്ടിരുന്നു. മയക്കമാണെന്ന് മാത്രം അറിയാം. ഉത്തര്‍പ്രദേശിലെ വാരണാസി, കാണ്‍പൂര്‍, ഘൊരക്പുര്‍, പഞ്ചാബിലെ മലേര്‍കോട്ല...ഇങ്ങിനെ മനസില്‍ 'സേവ്'ചെയ്ത്വച്ച കാഴ്ചകളാണധികവും. എല്ലാത്തിലും ഭക്ഷണത്തിനായി, കിടപ്പിടത്തിനായി കടിപിടികൂടുന്ന കാഴ്ചകളുണ്ട്. മയക്കം വിടുമ്പോള്‍ വാതായനങ്ങളിലൂടെ അടിച്ചുകയറുന്ന തണുത്ത കാറ്റിന്റെ ആരവം അറിയുന്നുണ്ട്. സൂപ്പര്‍ഫാസ്റ്റ് പതിബല്‍റോഡിലൂടെ പായുകയാണ്. എംസി റോഡിന് തിരുവനന്തപുരം മുതല്‍ ചെങ്ങന്നൂര്‍വരെയുള്ള ഭാഗത്തെ അങ്ങിനെയാണ് വിശേഷിപ്പിക്കുക. റോഡ് നിര്‍മ്മിച്ച കമ്പനിയുടെ നാമത്തില്‍ ജനങ്ങള്‍ ആ റോഡിനെ അറിയുകയെന്ന അപൂര്‍വ സംഭാവ്യത. എഴുമറ്റൂര്‍ എന്ന ഗ്രാമത്തിലേക്കാണ് യാത്ര. ആധുനിക യുഗത്തില്‍ അതൊരു ഗ്രാമമാണെങ്കിലും പണ്ട് അതൊരു രാജസന്നിധിയായിരുന്നു. എഴുമറ്റൂര്‍കൊട്ടാരം ഒരു നാട്ടുരാജ്യത്തിന്റെയും ഇന്നും തുടരുന്ന പരമ്പരയുടെയും ചിഹ്നമാണ്. രാജവാഴ്ചയെ ജനങ്ങള്‍ തൂത്തെറിഞ്ഞെശേഷം കൊട്ടാരത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്നുയര്‍ന്ന ഭൂതപ്രേത കഥകള്‍ മറ്റൊരു വഴിക്ക് പഴയ പ്രതാപങ്ങളെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരുന്നു. കോട്ടയം പുഷ്പനാഥ് എഴുമറ്റൂരില്‍ തങ്ങി കാലങ്ങളെടുത്ത് എഴുതി പ്രേതകഥയാണ് 'ബ്രഹ്മരക്ഷസ്'. കലാനിലയം ഡ്രാമാവിഷന്‍ അത് നാടകമാക്കിയതോടെയാണ് ബ്രഹ്മരക്ഷസ് ലോകം കൂടുതല്‍ അറിഞ്ഞത്. ഗതികിട്ടാത്ത ആത്മാവുകളുടെയും യക്ഷികളുടെയും മറ്റും വാസകേന്ദ്രമാണ് ഇടിഞ്ഞുവീഴാറായി മാറാല പിടിച്ച കൊട്ടാരക്കെട്ടിടമെന്ന അന്ധവിശ്വാസങ്ങള്‍ പ്രബലമായിരുന്ന കാലത്താണ് ആ കഥ വന്‍തോതില്‍ വിറ്റഴിച്ചത്. അപ്രകാരം കഥകള്‍ പ്രചരിക്കപ്പെട്ട കൊട്ടാരം ഇപ്പോഴുണ്ടോ? അതും യാത്രയിലെ ലക്ഷ്യങ്ങളിലൊന്നായിരുന്നു. തിരുവല്ലയിലിറങ്ങി റാന്നി ബസില്‍ കയറി മല്ലപ്പള്ളിയിലിറങ്ങി എഴുമറ്റൂര്‍ക്ക് വരാനാണ് ബന്ധുവും അടുത്ത സുഹൃത്തുകൂടിയായ ഓമനക്കുട്ടന്‍ചേട്ടന്റെ നിര്‍ദ്ദേശം, കാരണം വഴി തെറ്റരുതല്ലോ. അങ്ങിനെ പ്രവചിക്കപ്പെട്ട വഴിയിലൂടെ പോകുന്നതിലര്‍ഥമില്ല. ചെങ്ങന്നൂരിലിറങ്ങി. അന്വേഷിച്ചു. എഴുമറ്റൂര്‍ക്ക് എങ്ങിനെ പോകാം? കെഎസ്ആര്‍ടിസി അന്വേഷണ വിഭാഗത്തില്‍ നിന്നുള്‍പ്പെടെ കിട്ടിയ വിവരം: "തിരുവല്ലായില്‍ ചെന്നേച്ച് വേണം പോകാന്‍''. ഒകെ...ഒകെ.... തര്‍ക്കിക്കാന്‍ പോയില്ല. അവരേക്കാള്‍ കൂടുതല്‍ നിശ്ചയം എനിക്കോ?..ഹേയ്. ബസ്റ്റാന്‍ഡില്‍ കുറച്ച്നേരം കറങ്ങി നടന്നപ്പോള്‍ അങ്ങ് മൂലയില്‍ ഒരു ഓര്‍ഡിനറി ബസ് കിടക്കുന്നു, 'മല്ലപ്പിള്ളി' ബോര്‍ഡും വച്ച്. പ്രധാന സ്ഥലപ്പേരിന്റെ താഴെ നിരവധി സ്ഥലപ്പേരുകളുണ്ട്. കറങ്ങിത്തിരിഞ്ഞാണ് പോവുന്നതെന്നറിയാന്‍ 'എന്‍ട്രന്‍സ്' ഒന്നും പാസാവാണ്ടല്ലോ. കറങ്ങാം... ബസ് പുറപ്പെട്ട് ഏതാനും നിമിഷങ്ങള്‍ പിന്നിട്ടപ്പോള്‍ പതിബല്‍ റോഡിന് വിട. ഡ്രൈവര്‍ വളരെ കഷ്ടപ്പെട്ടാണ് വണ്ടിയെടുക്കുന്നത്. വലിയുമില്ല, തള്ളുമില്ലാത്ത ബസ്. ഒരു വണ്ടി വളയാന്‍ ഇത്ര തിരിക്കണോ എന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരുടെ 'വളയ്ക്കല്‍' കാണുമ്പോള്‍ തോന്നാറുണ്ട്. ഇടവഴിയിലേക്ക് വണ്ടി തിരിഞ്ഞതും കണ്ടക്ടര്‍ വന്നു. 15 രൂപയുടെ ടിക്കറ്റ് വെന്റീന്‍മെഷീനില്‍ നിന്ന് തള്ളി പുറത്തേക്ക്. അവരുടെ പണി എത്ര എളുപ്പം. മുന്‍പ് കെഎസ്ആര്‍ടിസി കണ്ടക്ടര്‍മാരുടെ ടിക്കറ്റ് റാക്ക് നിറങ്ങളുടെ കലവറയായിരുന്നു. ഏതെല്ലാം നിറങ്ങളുള്ള ടിക്കറ്റുകളായിരുന്നു. നീലകള്‍ പലവിധം, ഓറഞ്ച്, പിങ്ക്..ഇങ്ങിനെ, കടും ചുവപ്പ് അതിലും ഒഴിവാക്കയിരുന്നു, ചോരയുടെ നിറമല്ലേ. ഒരു ബസിനു മാത്രം പോകാന്‍ വീതിയുള്ള വഴിയിലൂടെ എരവിപേരൂര്‍, ഓതറ വഴിയുള്ള മല്ലപ്പിള്ളി ബസ് തേങ്ങി തേങ്ങി മുന്നോട്ട്. ഇടക്ക് മരച്ചില്ലകള്‍ ചാഞ്ഞ് നില്‍ക്കുന്ന ബസ്സ്റ്റോപ്പുകളില്‍ ചാക്കുകളും മറ്റുമായി കാത്തിരുന്നവര്‍ പ്രതീക്ഷയോടെ കയറി. ഇപ്പോള്‍ ചുറ്റും ഏതാണ്ട് റബ്ബര്‍കാടുകള്‍ തന്നെയാണ്. ഇടയ്ക്കിടക്ക് മനോഹരമായ ഇരുനില മന്ദിരങ്ങള്‍. മഴയ്ക്ക് മുമ്പേ പെയിന്റിംഗ് കഴിച്ചിട്ടുണ്ട്. ഒട്ടുമിക്ക വീടുകളിലും കാറും ഇരുചക്രവാഹനവുമുണ്ട്. പലതും പൂട്ടിയിട്ടിരിക്കുന്നു. കൂട്ടത്തോടെ വിദേശത്തേക്ക് ചേക്കേറിയവര്‍ ഏറ്റവും കൂടുതലുള്ള ജില്ലയാണ് പത്തനംതിട്ട. ചെറിയ വീടുകളുണ്ടെങ്കിലും ചെറ്റകുടിലുകള്‍ ഇല്ലേയില്ല. ജനസംഖ്യതന്നെ കുറവ്. മാനദണ്ഡപ്രകാരമുള്ള ജനസംഖ്യയില്ലാത്ത ജില്ലകളെ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ ഒരു കാലത്ത് ഇല്ലാതാകാന്‍ പോകുന്ന ജില്ലായാണിത്. എന്തൊരു ദുര്യോഗം. കേരളത്തിലെ മറ്റു പല ജില്ലകളും ജനസംഖ്യകൊണ്ട് വീര്‍പ്പുമുട്ടി പൊട്ടാന്‍ തുടങ്ങുന്നുവെന്നതും ഒരു സത്യം. കുരിശടികള്‍ ധാരാളം. ബിഷപിനു സ്വീകരണം നല്‍കുന്നതിനുള്ള കൂറ്റന്‍ ഫ്ളക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. പണ്ട് രാഷ്ട്രപതിയായിരുന്ന വി വി ഗിരി വരുന്നുന്ന് കേട്ടകാലത്ത് നാട്ടുകാര്‍ കുരുത്തോല കെട്ടുന്നത് കണ്ടപ്പോള്‍ നമ്പൂതിരി ചോദിച്ച ചോദ്യം ഓര്‍മ്മ വന്നു. "ഇത് കെട്ട്യാലേ ഗിരി വരൂ?'' ഗ്രാമങ്ങളുടെ സംഗീതത്തിന് അപശ്രുതിപോലെയാണ് റബ്ബര്‍കാടുകളെങ്കിലും നിരവധി കുടുംബങ്ങള്‍ക്ക് ആശ്രയമാണെന്നതിനാല്‍ ആ പച്ചപ്പിനെയും ഉള്‍ക്കൊണ്ടവരാണ് നാം. കുന്നുകളും മലകളും പിന്നിലേക്ക് പൊയ്ക്കൊണ്ടിരുന്നു. തിരുവല്ല കൂടി പോയിരുന്നെങ്കില്‍ എത്താമായിരുന്നതിനേക്കാള്‍ മണിക്കൂര്‍ കൂടുതലെടുത്ത് ബസ് മല്ലപ്പളിയിലെത്തി. മൊഫ്യൂസില്‍ എന്ന നാമത്തിലൊതുങ്ങുന്ന നഗരം. പുഴയുടെ ലാളന ആവോളമുള്ള പ്രദേശം. അവിടെ നിന്ന് വിജയലക്ഷ്മി ബസില്‍ കയറി അഞ്ച് രൂപ കൊടുത്ത് എഴുമറ്റൂര്‍ കവലയില്‍ ഇറങ്ങി. ഓമനക്കുട്ടന്‍ചേട്ടന്‍ കാത്തുനില്‍പ്പുണ്ടായിരുന്നു. കവലയില്‍ നിന്ന് ഏതാനും വാര അകലെയുള്ള വീട്ടിലേക്ക് നടക്കുന്നതിനിടയില്‍ ധൃതിപൂണ്ട ഞാന്‍ എഴൂമറ്റൂര്‍കൊട്ടാരത്തിലേക്ക് ആദ്യം പോകാമെന്നു പറഞ്ഞു. "അതോ, ദാ അങ്ങോട്ടു നോക്കൂ, അവിടെ.....ആയിരുന്നു'' കളിയാക്കുന്ന മട്ടിലുള്ള ചിരിയോടെ ഓമനക്കുട്ടന്‍ ചേക്കന്‍ പറഞ്ഞു. "ആയിരുന്നോ?'' സംശയം തീരുന്നില്ല. "അതെ, ഏതാനും വര്‍ഷം മുമ്പ് ഉണ്ടായിരുന്ന അവശിഷ്ടങ്ങള്‍ കൂടി പൊളിഞ്ഞുവീണു. ഇപ്പോള്‍ ആ കാട് മാത്രമാണ് കൊട്ടാരത്തിന്റെ ബാക്കി!'' ഇഷ്ടമില്ലാത്തത് കാണുമ്പോഴോ കേള്‍ക്കുമ്പോഴോ, പ്രതീക്ഷിച്ചത് കിട്ടത്തപ്പോഴൊ മലബാറിലൊക്കെ പറയുന്ന ഒരു ശൈലിയുണ്ട്: "കണ്ണീന്ന് ബെള്ളം വന്നു മോനെ..'' കൊട്ടാരം നിന്ന സ്ഥലത്തെ കാട്ടിലേക്ക് സൂക്ഷിച്ചുനോക്കി. നടുവില്‍ അതാ പടര്‍ന്ന് പന്തലിച്ച് ഒരു കൂറ്റന്‍ പ്ളാവ്. നിറയെ ചക്ക. പിന്നെയെന്തുവേണം. പരിസ്ഥിതി നാശത്തിലൂടെ ലോകത്തെസര്‍വ്വ ചരാചരങ്ങള്‍ക്കും മാറ്റം വന്നാലും ഒരു കൂസലുമില്ലാടെ ഉയര്‍ന്നു നില്‍ക്കാനും എല്ലാ ജീവികള്‍ക്കും ഭക്ഷണം നല്‍കാനും പ്ളാവുണ്ടാകുമെന്നാണ് ശാസ്ത്രം പറയുന്നത്. ഇനിയിപ്പോ കൊട്ടാരം പോയാലെന്ത്? ആശ്വാസത്തോടെയാണ് ഓമനക്കുട്ടന്‍ചേട്ടന്റെ വീട്ടിലേക്ക് തിരിഞ്ഞത്.

Wednesday, February 29, 2012

Friday, February 17, 2012

ബാബൂറാമിന്റെ ഗലി


ഈ റോഡാണോ മോശമാണെന്ന് സി കെ ഠാകൂര്‍ പറഞ്ഞത്. കഷ്ടം! അയാളുടെ നാവ് ചെമ്പാകട്ടെ! എത്ര സുന്ദരമായ റോഡ്. മഥുരയില്‍ നിന്ന് സന്ധ്യയ്ക്കേ ഭരത്പുരിലേക്ക് തിരിക്കാനാവു. അവിടെ നിന്ന് രാവിലെ ഗോപാല്‍ഗഢിലേക്ക് തിരിക്കുകയും വേണം. അതിനാല്‍ എളുപ്പുള്ളതും നല്ലതുമായ റോഡ് ചോദിച്ചാണ് വഴികളില്‍ വിദഗ്ധനായ വാച്ചര്‍ ഠാകൂറിനെ സമീപിച്ചത്. ഇടക്ക് പാന്‍പരാഗും തീപ്പെട്ടിയും തന്ന് സഹായിക്കുന്ന ഹരിയാനക്കാരന്‍ ഠാകൂര്‍. തണുപ്പുകാലത്ത് ഡെല്‍ഹിയില്‍ സായിപ്പ് നിര്‍മ്മിച്ച വെസ്റ്റേണ്‍കോര്‍ട്ടിന്റെ ഗേറ്റിനരികില്‍ അയാള്‍ നില്‍ക്കുന്നതു കണ്ടാല്‍ യൂറോപ്പിലെ ഏതോ പുരാതന കോളനിയിലാണെന്നേ തോന്നൂ.
ഡെല്‍ഹിക്കാര്‍ പറയുക നിങ്ങള്‍ മദിരാശികള്‍ക്ക് പതുക്കെയേ തണുക്കൂവെന്നാണ്. ഡെല്‍ഹിയില്‍ ജനിച്ചു വളര്‍ന്നവരാണ് അധികവും ആദ്യം സെറ്ററണിയുക. ഠാകൂര്‍ സെറ്ററിട്ടപ്പോഴും മലളായികളായ അനവധി പൊലീസുകാര്‍ 'ഇന്നറു' പോലും ധരിക്കാന്‍ തുടങ്ങിയിരുന്നില്ല. പൊരുതി നോക്കാനുള്ള മനസാണോ ഇതിനു കാരണം? അതോ വിവരക്കേടോ? അറിയില്ല. ഏതായാലും ഠാകൂര്‍ പറഞ്ഞത് അച്ചിട്ടപോലെ ശരിയായി. ഞങ്ങളുടെ കാറ് പത്ത് കിലോമീറ്റര്‍ സുന്ദരമായ റോഡിലൂടെ പോയെങ്കിലും തുടര്‍ന്നങ്ങോട്ട് ദുരിതമായിരുന്നു. കേരളത്തിലെ റോഡിനെ പഴിക്കുന്നവരെ മുക്കാലിയില്‍കെട്ടി അടിക്കണം എന്നു തോന്നി. മണിക്കൂറില്‍ അഞ്ച് കിലോമീറ്റര്‍ വേഗതയില്‍ ഓടിക്കാന്‍ കഴിയുമോ എന്ന പരീക്ഷണം പോലെ തോന്നി. ഒരു കുഴിയിലിറങ്ങിയാല്‍ അതിലകപ്പെട്ടതു പോലെ. പിന്നെ ഒരു മലതാണ്ടണം ലോകം കാണാന്‍. തണുപ്പിലും കടുത്ത പൊടിപടലം. അങ്ങിനെ 28 കിലോമീറ്റര്‍ ഓടിച്ച അനുഭവം, അല്ല, ദുരനുഭവം മറക്കാനാവില്ല. അതുമൂലം തിരികെ ഇതു വഴി വരില്ലെന്ന് തീരുമാനിച്ചു. സോറി, ഇതിനിടയില്‍ ഞാന്‍ ഫേസ്ബുകില്‍ ഒരു സന്ദേശം ഠാകൂറിന് കൈമാറട്ടെ: "ഠാകൂര്‍ താങ്കളുടെ നാവ് പൊന്ന് തന്നെയാകട്ടെ''-അയാള്‍ കണ്ടാലും ഇല്ലെങ്കിലും.
വര്‍ഗീയ അക്രമത്തെ തുടര്‍ന്ന് ഒറ്റപ്പെട്ട് ഭയവിഹ്വലരായി കഴിയുന്ന പാവപ്പെട്ട മിയോ മുസ്ളീങ്ങളെ കണ്ട് സ്റ്റോറി തയ്യാറാക്കി ഞങ്ങള്‍ ഗോപാല്‍ഗഢില്‍ നിന്ന് മടങ്ങി. ഭരത്പുരില്‍ നിന്ന് 85 കിലോമീറ്റര്‍ ദൂരമുണ്ട്. ബജ്രയും ഗോതമ്പും കരിമ്പും കടുകും തീറ്റപ്പുല്ലും....... മാറിമാറി കൃഷിയിടങ്ങള്‍ നോക്കെത്താദൂരത്തേക്ക് പാഞ്ഞുകൊണ്ടിരുന്നു. ഇപ്പോള്‍ ഉല്ലാസാണ് കറോടിക്കുന്നത്. ശ്രദ്ധ റോഡില്‍ മാത്രമാണ്. ഇരുവശത്തേക്കും നോക്കില്ല. ഉല്ലാസിന് ലക്ഷ്യമുണ്ടെന്ന് വ്യക്തം. അന്തമില്ലാത്ത പാടത്തിനു നടുവിലൂടെയുള്ള ബണ്ട് റോഡ് തലയും വാലുമില്ലാത്ത പെരുമ്പാമ്പിനെ പോലെ വളഞ്ഞ് പുളഞ്ഞ് പൊയ്ക്കൊണ്ടിരുന്നു. രാജസ്ഥാനിലെ ഒരുപ്പൂകണ്ടങ്ങളില്‍ പൊന്ന്വിളയിക്കുന്നതു കണ്ടെങ്കിലും അതിന്റെ അവകാശികള്‍ ഏതോ മണിമാളികകളിലാണെന്ന് ഗ്രാമങ്ങളിലെ ദരിദ്രജനങ്ങളെ കണ്ടപ്പോള്‍ മനസിലായി. മുന്‍ മന്ത്രിയും സ്പീക്കറുമൊക്കെയായിരുന്ന ബലറാം ത്ധാക്കറുടേതാണ് ഇതില്‍ ഭൂരിഭാഗം കൃഷിയിടങ്ങളും. ഇടക്ക് ഹെലികോപ്ടറില്‍ കൃഷിയിടം സന്ദര്‍ശിക്കാറുണ്ടെന്ന് കര്‍ഷക തൊഴിലാളികള്‍ പറഞ്ഞു. പരുത്തിയും ഉരുളക്കിഴങ്ങും ചുവന്ന മുളകും ഈഭാഗത്ത് കൃഷിയുണ്ട്. ദരിദ്രരാണെങ്കിലും കുട്ടികളെ സ്കൂളില്‍ അയക്കാന്‍ പലരും ശ്രമിക്കുന്നുണ്ട്. സാക്ഷരതയില്‍ ദേശീയ ശരാശരിയേക്കാള്‍ മുന്നിലാണ് ഇവര്‍. ഫോട്ടോഗ്രാഫര്‍ വാസുവേട്ടന്‍ വയലുകളും പട്ടിണിക്കോലങ്ങളും ക്യാമറയിലാക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പരാജയമാണ് ഫലം. ജാംബവാന്റെ കാലത്തുള്ള ക്യാമറ വാസുവേട്ടന്റെ കല്‍പനകളെ പതിവായി ധിക്കരിച്ചുകൊണ്ടിരുന്നു. വയസുകാലത്ത് ആര്‍ക്കായാലും പൊതുവെ ദേഷ്യം കൂടുമല്ലോ.
പോരുമ്പോള്‍ വഴിയില്‍ പറ്റിയ അബദ്ധം ഒപ്പമുണ്ടായിരുന്ന ദിനേശ്ത്രിവേദിയോട് പറഞ്ഞു. "പേടിക്കണ്ട, മികച്ചതും എളുപ്പമായതുമായ വഴി പറഞ്ഞു തരാം'' - അദ്ദേഹത്തിന്റെ തൃപ്തികരമായ മറുപടി വന്നു. ഇരുട്ടായിരിക്കുന്നു. ത്രിവേദിയെ ഭരത്പുരിലിറക്കി അത്യാവശ്യം പലഹാരവും വാങ്ങി കാറെടുത്തു. ഭരത്പുര്‍ ബര്‍ഫി ഇന്ത്യയിലെ പേരുകേട്ട മധുര പലഹാരങ്ങളിലൊന്നാണ്.
ദേശീയപാതയില്‍ നിന്ന് ചെറിയ ഇടവഴി കയറി മറ്റൊരു വലിയ റോഡില്‍ കയറി നേരെ ഇടത്തോട്ട് വിട്ടാല്‍ മഥുരയെത്തുമെന്നാണ് ത്രിവേദി പറഞ്ഞത്. ഇടവഴിയിലേക്ക് തിരിയുന്നത് വരെ ഞങ്ങളെ അനുഗമിച്ച് ത്രിവേദി ബൈക്കില്‍ മടങ്ങി. ഇടവഴി കണ്ടപ്പോള്‍ ഞങ്ങള്‍ സംശയം പറഞ്ഞെങ്കിലും രാത്രിയായി, ഇനി എതിരെ വണ്ടിയൊന്നും വരില്ലയെന്ന് ത്രിവേദി ആശ്വസിപ്പിച്ചു. മുള്ളനിറഞ്ഞ ചെടികളും ഇടപ്രായമെത്തിയ മരങ്ങളും തിങ്ങിനിറഞ്ഞ ചെറിയ റോഡ്. കഷ്ടിച്ച് ഒരു വാഹനത്തിനു പോകാം. ചില സ്ഥലങ്ങളില്‍ ഒതുക്കിയാല്‍ എരിരേവരുന്ന വാഹനത്തെ കടത്തിവിടാം. ത്രിവേദി പറഞ്ഞതുപോലെ വണ്ടികള്‍ തീരെ വരാതിരുന്നില്ല. ഇടക്കിടെ കാറും ജീപ്പും വന്നുകൊണ്ടിരുന്നു. അവരും എളുപ്പ വഴി തേടിയതാണെന്ന് വ്യക്തം. കാരണം ഈ ഇടവഴി കടന്നുപോകുന്ന പ്രദേശത്തുകാര്‍ക്ക് ഇത്രമാത്രം വാഹനങ്ങള്‍ കാണില്ലെന്നുറപ്പ്. ഒട്ടക വണ്ടിയോടിച്ചും, പാടത്ത് പണിയെടുത്തും ജീവിക്കുന്നവരാണ് ബഹുഭൂരിഭാഗവും എന്ന് ഇരു വശത്തുമുള്ള കുടിലുകളും അപൂര്‍വമായി മുന്നിലെത്തിയ പെട്ടികടകളും കണ്ടപ്പോള്‍ മനസിലായി. 12 കിലോമീറ്റര്‍ ഇടവഴിയിലൂടെ മാത്രം സഞ്ചരിക്കണം. ഏകദേശം പകുതിയായപ്പോഴേക്കും മുന്നോട്ട് ഒരു വാഹനവും പോകുന്നില്ലെന്ന് മനസിലായി. എട്ട് പത്ത് വണ്ടിയെങ്കിലും മുന്നിലുണ്ട്. കാര്യമന്വേഷിച്ചു. ആര്‍ക്കുമറിയില്ല. അരമണിക്കൂറായി ഇവിടെ കിടക്കുകയാണെന്ന് തൊട്ടുമുന്നില്‍ കിടന്ന കാറിന്റെ ഡ്രൈവര്‍ പറഞ്ഞു. എന്താണ് കാര്യമെന്ന് അന്വേഷിക്കാന്‍ തീരുമാനിച്ച് മുന്നോട്ടു പോയി. ആധുനിക വാഹനങ്ങള്‍ മാത്രമല്ല പഴയ ബെന്‍സ് മോഡല്‍ ഒട്ടകവണ്ടികളും ഇടക്കിടെ കാത്തുകിടപ്പുണ്ട്. വാഹന നിര തുടങ്ങുന്നിടത്ത് ഒരു ദരിദ്രന്റെ ഒട്ടകവണ്ടിയാണ്. കന്നുകള്‍ക്കുള്ള പുല്ല് കൊണ്ടുപോകലാണ് പണിയെന്ന് മനസിലായി. മെലിഞ്ഞ് ചാവാറായ ഒട്ടകം. പഴയ ഓര്‍മ്മവച്ച് അയവിറക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും സ്റ്റോകില്ലാത്തതിനാല്‍ അത് വെറും നാട്യമായി മാറി. ആര്‍ത്തിയോടെ ചില യൂട്യൂബ് വീഡിയോകള്‍ തുറക്കുമ്പോള്‍ വരുന്ന മറുപടി പോലെ തോന്നി ആ അയവിറക്കല്‍. ആ വണ്ടിക്കാരന്‍ കടുത്ത ദേഷ്യത്തിലാണ്. പേര് ചതുരേശ്വര്‍. ആഞ്ഞാഞ്ഞ് വലിക്കുന്ന ബീഡിപ്പുകയൂതി റോഡുവക്കിലുള്ള ഒരു വീട്ടിലേക്ക് നോക്കി മുട്ടന്‍ തെറി വിളിക്കുന്നു. പെട്രോള്‍ മാക്സുപോലുള്ള വിളക്കുകളും വാഹനങ്ങളില്‍ നിന്നുള്ള ഹെഡ്ലൈറ്റ് പ്രകാശവുമാണ് ആ പ്രദേശത്ത് അപ്പോള്‍ വെളിച്ചമെത്തിച്ചത്. രാജസ്ഥാന്‍ സമ്പൂര്‍ണവൈദ്യുതിവല്‍കൃത സംസ്ഥാനമെന്നൊക്കെ പേരുണ്ടെങ്കിലും ഇതാണ് സ്ഥിതിയെന്ന് ചതുരേശ്വര്‍ വിശദീകരിച്ചു. ഏതായാലും ചതുരേശ്വര്‍ കൈചൂണ്ടി തെറിപറഞ്ഞത് ഒരു കൂറ്റന്‍ ബംഗ്ളാവിലേക്കായിരുന്നു. ബാബൂറാം എന്ന ഒരു മഹാജന്മിയുടെ വീട്. ആ പ്രദേശത്തെ ഭൂമിയും കൃഷിയും അയാളുടേതാണ്. സൂര്യന്‍ നിക്കണോ, പോണോ..എന്നൊക്ക ബാബുറാം തീരുമാനിക്കും. അവിടെ സ്വന്തമായി വാഹനമുള്ള ഏകവീട്. ഒന്നല്ല, അനവധി. എല്‍പി സ്കൂളെന്നു തോന്നിക്കുന്ന നിരക്കെട്ടിടം ജന്മിയുടെ പശുത്തൊഴുത്താണ്. ഇരുട്ടിനിടയിലും തിളങ്ങുന്ന കണ്ണുകളുള്ള വെള്ളപ്പശക്കളുടെ തലയാടുന്നത് കണ്ടു. അതിന് പിന്നില്‍ കുതിരലായം, അതിനും പിന്നില്‍ ഒട്ടകശാല. ബംഗ്ളാവ് സര്‍വധാ തുറന്നിട്ടിരിക്കുന്നു. അതിനകത്ത് വെളിച്ചമുണ്ട്. മുറ്റത്ത് കൂറ്റന്‍ ഇരുമ്പുകാലുകള്‍ നാട്ടി അതിനു മുകളില്‍ നാല് ഇലക്ട്രിക് വിളക്കുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അന്ന് അവ കത്തിയിരുന്നില്ല. ഇടവഴി പോലുള്ള റോഡ് ടാറിട്ടത് ആര്‍ക്കുവേണ്ടിയായിരുന്നുവെന്ന് പറയേണ്ടതില്ലല്ലോ. ഇടവഴിക്കും മുറ്റത്തിനും ഇടയിലായി ആഴമുള്ള കിണറുകളാണ്, കോണ്‍ക്രീറ്റ് കിണറുകള്‍. മൂന്നോ നാലോ ഉണ്ട്. അവയ്ക്ക് ഇരുമ്പ് ഷീറ്റ് മൂടിയും. ദിവസവും ട്രാക്ടറിനു പിന്നില്‍ ഘടിപ്പിച്ചിട്ടുള്ള ബോഡിയില്‍ നാലോ അഞ്ചോ സിന്റക്സ് ടാങ്കുകളില്‍ വെള്ളം കൊണ്ടുവരും. കോണ്‍ക്രീറ്റ് ടാങ്കിലേക്ക് പമ്പ് ചെയ്യും. വന്‍ടാങ്കുകളാണ്. ബാബുറാമിന്റെ തന്നെ ഏതോപാടത്തെ കിണറില്‍ നിന്ന് കൊണ്ടുവരുന്നു. ഇടവഴിയിലാണ് ട്രാക്ടര്‍ ഇടുക. ഒരു സൈക്കിളിനു പോലും അങ്ങോട്ടോ ഇങ്ങോട്ടോ പോകാന്‍ കഴിയില്ല, സ്ഥലമില്ല. എപ്പോള്‍ പമ്പിംഗ് തീരുന്നോ അപ്പോള്‍ ബംഗ്ളാവിന്റെ കൂറ്റന്‍ ഗേറ്റ് തുറന്ന് ട്രാക്ടര്‍ അകത്തേക്കിടും. അതിനു ശേഷം മറ്റു വാഹനങ്ങള്‍ക്ക് പോകാം.
പതിവു പോലെയായിരിക്കും, ദരിദ്രനായ ഒട്ടകത്തിന്റെ ഉടമ ചതുരേശ്വര്‍ കയര്‍ത്തുകൊണ്ടിരുന്നു. "കിത്നേ ഖണ്ഡേ ഹംനെ യഹാം...സപ്നാ ദേഖാ ഖടാ....ക്യാ സോചാ അപ്നേ ബാരെ മേം....ബേവ്ജൂത്'' ഇങ്ങിനെയോരോന്ന്. ആരും ചെവികൊടുക്കുന്നുണ്ടായിരുന്നില്ല. അതുവഴി വന്ന് പരിചയമില്ലാത്ത ഞങ്ങളെ പോലുള്ളവര്‍ക്ക് രോഷം തോന്നി, പുരികം ചുഴറ്റി കടന്നു പോന്നു. അവിടത്തുകാര്‍ക്ക് അതില്‍ പരിഭവമില്ലായിരിക്കാം. പ്രതിഷേധമുള്ള ചതുരേശ്വരാകട്ടെ അതൊരു പതിവ് പ്രതിഷേധ ചടങ്ങാക്കി മാറ്റുകയും ചെയ്തു. ദിവസവും അയാള്‍ അതേസമയത്തേ വരു. അല്‍പം മുമ്പോ, കുറേ വൈകിയോ വരില്ല. പ്രതിഷേധിക്കാനുള്ള അവസരം കളഞ്ഞുകുളിക്കരുതല്ലോ. വാഹനവ്യൂഹത്തോടൊപ്പം ഞങ്ങളും നേരിയ തണുപ്പിന്റെ സാന്ത്വനത്തില്‍ ആശ്വസിച്ച് ഇരുട്ടിനെ കീറിമുറിച്ചു. 2011 ലെ രാജസ്ഥാന്‍ ഗ്രാമത്തിന്റെ സ്ഥിതിയോര്‍ത്ത് പുഛിച്ച് ഞങ്ങള്‍ ആ സംസ്ഥാന അതിര്‍ത്തി പിന്നിട്ടു.

http://dnvarma.blogspot.com