Monday, December 5, 2011

മഞ്ഞ് വായിച്ച്...ഉറങ്ങരുത്



ന്യൂഡല്‍ഹിയില്‍ വന്നിറങ്ങിയപ്പോള്‍ ഒരു കുളിര്. നവംബറാണ്. അരിച്ചരിച്ച് മഞ്ഞിന്റെ നീലവരകള്‍ താഴേക്ക് ഇറങ്ങുന്ന കാലമായിരിക്കുന്നു. തെരവുകളില്‍ തിരക്കൊഴിഞ്ഞു. അവധിയാണോ? ദീപാവലി കഴിഞ്ഞതല്ലേയുള്ളു. ഉം...ദീപപ്രഭകളുടെ ഉപാന്തരങ്ങള്‍ ചെറിയ മഞ്ഞുകണങ്ങളില്‍ തട്ടി പകര്‍ന്നു പകര്‍ന്നു പോകുന്നു. ആഴ്ചകള്‍ക്ക് മുമ്പ് ഈ തെരുവുകളെ വിറപ്പിച്ച സൂര്യന്‍ എവിടെ? മനുഷ്യന്റെ എല്ലാ അഹങ്കാരങ്ങളെയും പിച്ചിച്ചീന്തിയ കൊടുംവെയിലിന്റെ നട്ടുച്ചകള്‍ക്ക് വിടചൊല്ലി കഴിഞ്ഞു ഡെല്‍ഹി. ഇന്ത്യാഗേറ്റ് വ്യക്തമായി കാണുന്നില്ല, ഒരു പുകപടലത്തിനകപ്പെട്ട ഭീകര ജീവിയെ പോലെ തോന്നി. യുദ്ധസ്മാരകമാണ്. മഞ്ഞും മലയും വെയിലും ഘോരമാം മഴയും തൃണവല്‍ഗണിച്ച് രാജ്യത്തിനു വേണ്ടി പോരാടിയവരുടെ സ്മരണാസ്തൂപം മറയുകയോ. ഇല്ല. എനിക്ക് കാണാം. ഖാന്‍മാരും സിഖുകാരും നിറഞ്ഞു നില്‍ക്കുന്ന ആ സ്തുപത്തെ എനിക്കു കാണാം.
നിരനിരയാര്‍ന്ന് പച്ചക്കുട നിവര്‍ത്തിയ ഞാവല്‍ മരങ്ങള്‍ നഷ്ട സ്മൃതിയില്‍ വിങ്ങുന്നതും കണ്ടു. മെയ്മാസത്തിന്റെ തെളിഞ്ഞ ആകാശത്തിലെ നക്ഷത്രങ്ങളെ മറച്ച് കറുപ്പിന്റെ നൂറഴക് വിടര്‍ത്തിയ ഞാവല്‍മഴയുടെ ഒരു വെയില്‍ നാളിലാണ് ഡെല്‍ഹിയെ ആദ്യമായി കാണുന്നത്. അതെ, ഞാവല്‍ പഴങ്ങള്‍ ദീപസ്തംഭമൊരുക്കിയ വേനല്‍പകലുകളെ എങ്ങിനെ മറക്കാന്‍. രാത്രി എട്ട് മണിയായിട്ടും മടിച്ചു നില്‍ക്കുന്ന ഇരുട്ടിനെ ഡെല്‍ഹിയിലെ സ്ത്രീകള്‍ പിടിച്ച് വലിച്ച് അകത്തിട്ട കാലം മറക്കാനാവില്ല. ഇതെന്തൊരു മറിമായം. വൈകിട്ട് ആറിന് കുറ്റാകൂരിരുട്ടാണ്. ജന്തര്‍മന്തിര്‍ പരിസരത്തുള്ള റോഡുകളില്‍ അടക്കം പറച്ചിലും ഞരക്കങ്ങളും കേട്ടുതുടങ്ങിയിരിക്കുന്നു.
മുറിയിലെത്തി കട്ടിലിലേക്ക് ചാഞ്ഞു. ചില്ലുപാളി ജനലിന് പുറത്ത് തണുപ്പ് കാത്തു നില്‍ക്കുകയാണ്, ട്രാഷ് ബോക്സില്‍ നിന്ന് ഇന്‍ബോക്സിലേക്ക് കടക്കാന്‍. ഞാന്‍ വിട്ടുകൊടുത്തില്ല. കമ്പിളിയുടെ മറവില്‍ കരിമ്പടത്തിന്റെ ഇഴകളെണ്ണിയെടുത്തു. തല പൂര്‍ണമായും മറക്കുന്നതിനിടയിലാണ് ഷെല്‍ഫില്‍ 'മഞ്ഞ്' കണ്ടത്. അതെ, സാക്ഷാല്‍ മഞ്ഞ്. ഞാന്‍ ജനിക്കുന്നതിന് മുമ്പ് എം ടി വാസുദേവന്‍നായര്‍ എഴുതിയ നോവെല്ല. അതിറങ്ങിയ കാലത്ത് അധികമാരും കേള്‍ക്കാത്ത രൂപം, നോവെല്ല. അന്ന് മലയാളികള്‍ക്ക് സങ്കല്‍പിക്കാനാവാത്ത രംഗങ്ങള്‍ തുറന്നുവച്ച ഹിമാലയന്‍ ജീവിതത്തിന്റെ രസജാലകം. നിങ്ങള്‍ക്ക് ആദിമധ്യാന്തം ആ കഥപറയാനാകില്ല. പക്ഷെ, കവിത പോലെ..സംഗീതം പോലെ....പെയിന്റിംഗ് പോലെ.....ചെറു ചെറു അധ്യായങ്ങള്‍ നമ്മളെ സുഖകരമായ ഒരു തണുപ്പിന്റെ ഉള്ളറകളിലെ നൊമ്പരങ്ങള്‍ കാട്ടിത്തരുന്നു. വിമല! ഹൊ...എന്തൊരു കഥാപാത്രം. ഏാഴാം അധ്യായമൊന്നു മതി. ജീവിതത്തിന്റെ നക്ഷത്രക്കൂട് ഒരു പ്രാവശ്യം മാത്രം തുറന്നാല്‍ പോരെ..എന്തിനധികം. പഠനമെഴുതിയ കെ പി ശങ്കരന്‍ മറ്റെല്ലാത്തിനെയും കുറിച്ചെഴുതി. തന്റെ എല്ലാം വിമല ആ പുരുഷന് സമര്‍പ്പിച്ച ആ രാത്രിയെ കുറിച്ചെഴുതിയില്ല. വിമല ആലസ്യം പൂണ്ട് കിടന്ന ആദ്യാനുഭവത്തിന്റെ ബാക്കിപത്രത്തിന്റെ സുന്ദരഛായകള്‍. അതല്ലേ മഞ്ഞിന്റെ നീലിമ.
"ഒന്നും പറയാന്‍ വയ്യ. കരയാം, ചിരിക്കാം. ശരീരമാകെ നീറുകയായിരുന്നു. എഴുന്നേല്‍ക്കാന്‍ ഭയം തോന്നി. കണ്ണടച്ചു കിടന്നു. അപ്പോള്‍ മെയ്മാസത്തിലെ തെളിഞ്ഞ ആകാശത്ത് നക്ഷത്രങ്ങള്‍ പൂക്കുന്നതു കണ്ടു. അകലത്ത് ആരോ കാറ്റില്‍ പറത്തിയ വെള്ളത്തൂവാല പോലെ ഒരു മേഖക്കീറ് പാഞ്ഞു പോകുന്നു.'' വിമലയുടെ ഓര്‍മ്മയുടെ ഈ നടുക്കണ്ടം വീണ്ടും വീണ്ടും വായിച്ചു. ഉറങ്ങിപ്പോയി.
നീലത്തടാകവും പാറക്കെട്ടുകളുമുള്ള ആ മഞ്ഞ മലയുടെ താഴ്വാരത്തില്‍ സാരിപുതച്ച് മന്ദഹസിച്ച വിമലയെ അറുപതുകളുടെ ആദ്യം മലയാളിക്ക് പരിചയപ്പെടുത്തിയ എം ടി യുടെ രചനാശില്‍പ വൈഭവം അസൂയയോടെ ഓര്‍ത്ത് ഞെട്ടിയുണര്‍ന്നു. നോക്കുമ്പോള്‍ കമ്പ്യൂട്ടര്‍ ഷട്ട്ഡൌണ്‍ ചെയ്തിട്ടില്ല. ഫേസ്ബുകില്‍ ആരോ ലൈനിലുണ്ട്. നോക്കാന്‍ പോയില്ല. എനിക്കറിയാം...നോക്കിയാല്‍ മറുപടി പറയേണ്ടി വരും. വീണ്ടും എന്തൊക്കെയോ സ്വപ്നങ്ങള്‍. വിമലയുടെ ഒരു സുഖം സമ്മാനിച്ചത് നൊമ്പരങ്ങളുടെ നൂറു നൂറു ദിനങ്ങളാണോ? ആവണമെന്നില്ല...

Sunday, November 20, 2011

Sunday, August 28, 2011

പ്രണയം മണത്ത


പ്രണയം മണത്ത
എട്ടടിവീരന്മാര്‍
ഒടിഞ്ഞ ചാരുകസേരയും ചരിത്രപുസ്തകവുമായി നട്ടുച്ചക്കുപോലും വെളിച്ചം വീഴാത്ത ആ ചെറുകാട്ടിലൂടെ നടക്കുമ്പോള്‍ ഞാന്‍ കണ്ടിട്ടുണ്ട്, പതിഞ്ഞ് പതിഞ്ഞ് അനങ്ങിയകലുന്ന വീരന്മാരെ. നിറയെ ചിതല്‍പുറ്റുള്ള പറമ്പായിരുന്നു. ചിതല്‍പുറ്റുകളുടെ തലഭാഗം കല്ലെറിഞ്ഞ് പൊട്ടിച്ചാല്‍ അവന്‍ തലപൊക്കും, പത്തിവിടര്‍ത്തും. ഹൊ, 3 ജി ചിത്രത്തിനുപോലും ഇത്ര ക്ളാരിറ്റിയില്ല. ഒന്ന് ഭയപ്പെടുത്താനാണ്. ഒരു ശല്യവുമുണ്ടാക്കാതെ ഈറ്റക്കാടുകള്‍ക്കിടയിലേക്ക് അവ ഒളിക്കും.
മൂത്തുമുരടിച്ച ചെത്തിച്ചെടികളില്‍ കറുപ്പുരാശിയുള്ള ചുവന്നപൂക്കള്‍ നിറയെ. ഇലവീണ് ചീഞ്ഞ് ചീഞ്ഞ് സ്പോഞ്ച് ബെഡ്പോലെയാണ് മണ്ണ്. അതിനടിയിലും പതുങ്ങിയിരിക്കാറുണ്ട് മൂര്‍ഖന്മാര്‍. പറമ്പിന്റെ അങ്ങേത്തലയ്ക്കല്‍ ചെറിയകൂരയില്‍ കഴിയുന്ന കേളരുച്ചേട്ടന്‍ തന്നെയാണ് ഇവിടുത്തെ സര്‍പ്പവിശേഷങ്ങള്‍ പങ്കുവയ്ക്കാറുള്ളത്. എല്ലാ ഇനങ്ങളുമുണ്ട്. കരി, എട്ടടി, പുല്ലാനി....പകല്‍പോലും വെളിയിലിറങ്ങാന്‍ മടിക്കാത്ത കൂട്ടം. അപ്പോള്‍ രാത്രിയിലോ. അവരുടെ വിഹാരം തന്നെ. ഈ കാട് താണ്ടിമാത്രമേ രാത്രികാലങ്ങളില്‍ എനിക്ക് ഖദീജയെ കാണാന്‍ ആ കുഴിയന്‍ കക്കൂസിന്റെ പിന്നിലെത്താനാവു. സന്ധ്യകഴിഞ്ഞാല്‍ ഏഴ്മണിമുതല്‍ ഒമ്പതുവരെ അവളുടെ വീട്ടിലുള്ള മറ്റുള്ളവര്‍ സീരിയലില്‍ കണ്ണുനട്ടിരിക്കും. മുന്‍ഭാഗത്ത് വീടാണ്, പിന്‍ഭാഗത്ത് കാട്. കാടു തന്നെ ശരണം. എത്രയെത്ര രാത്രികള്‍. കോരിച്ചൊരിയുന്ന മഴയത്ത് കുടയില്ലാതെ നനഞ്ഞ് കുളിച്ച് അവിടെ ചെന്നാല്‍ അവള്‍ പാവാട കൊണ്ട് തലതോര്‍ത്തിത്തരും. ശരീരത്തിനുമാത്രമല്ല അവളുടെ വസ്ത്രങ്ങള്‍ക്കും സുഗന്ധം തന്നെ.
കൂട്ടിമുട്ടിയാല്‍ അറിയാത്ത ഇരുട്ടത്തും കൃത്യമായി വേലിചാടിക്കടന്ന് അവിടെയെത്തും. ചിതല്‍പുറ്റുകള്‍ ചവിട്ടി, സ്പോഞ്ച്പോലുള്ള കരിയിലക്കട്ടികള്‍ ചവിട്ടി, ഈറ്റക്കാടിനിടയിലൂടെ......എനിക്കറിയാമായിരുന്നു വഴിയിലെല്ലാം പതിയിരിക്കുന്ന വീരന്മാരെ. ഒരു പക്ഷെ, അവര്‍ നോക്കിയിരുന്നിട്ടുണ്ടാകും. പ്രണയത്തിന്റെ ചെമ്പകങ്ങള്‍ വിരിയുന്ന രാവുകള്‍ക്ക് കാതോര്‍ത്ത്. അതോര്‍ക്കുമ്പോള്‍ നാലുകെട്ടില്‍ എം ടി എഴുതിയത് വീണ്ടുമെടുത്ത് വായിക്കും. നിളയില്‍ കുളിച്ചു മടങ്ങുന്ന സുന്ദരിമാരുടെ സുഗന്ധം പുല്ലാനിക്കാടുകളില്‍ ഒളിച്ചിരിക്കുന്ന മൂര്‍ഖന്‍പാമ്പുകള്‍ പത്തിവിടര്‍ത്തിനിന്ന് ആസ്വദിക്കുമത്രെ.
സോറി, എന്റെ ട്രാഷ്ബോക്സ് നിറഞ്ഞിരിക്കുന്നു. അവ ഡിലിറ്റ് ചെയ്തിട്ട് ഉടനെ വരാം.....

Wednesday, August 10, 2011

ഖദീജയുടെ മണം


എഴുതാന്‍ തന്ന റൈനോള്‍ഡ് പേന തിരിച്ചുകൊടുത്തപ്പോഴാണ് അവളുടെ കൈത്തണ്ടയില്‍ ഞാന്‍ ആദ്യമായി തൊട്ടത്. അപ്പോള്‍, എന്റെ ഔട്ട്ബോക്സില്‍ നിന്ന് അറിയാതെ ആ പ്രണയസന്ദേശം പറന്നുചെന്നു. ചെമ്പകങ്ങള്‍കൊണ്ട് നെയ്തെടുത്ത സന്ദേശം. ഞങ്ങള്‍ ഒരുമിച്ച് ഒരു ചെമ്പകപ്പൂവ് മണത്തുറങ്ങിയ ഒരു റംസാന്‍ കാലമുണ്ട്. മാമരങ്ങളില്‍ കിളികള്‍ മൂളിയുറങ്ങിയ പറമ്പില്‍ ഒന്നിനെയും ഭയക്കാതെ കഴിഞ്ഞ രാവുകള്‍. ആര്‍ദ്രമായ നിലാവ് തഴുകുമ്പോള്‍ ചന്ദനപ്പള്ളിയില്‍ നിന്ന് ബീഫ് പുഴുങ്ങിയ മണം ഇടിച്ചുകയറിയെത്തിരുന്നു, ഒരു ഗൂഗിള്‍ അലര്‍ട്ട് പോലെ.
ഇരുട്ടില്‍ പതിവായി ഒന്നിക്കാറുള്ള കക്കൂസിന്റെ പിന്നാമ്പുറം ഞങ്ങള്‍ക്ക് കദളീവനമായിരുന്നു. പകല്‍ ആളുകള്‍ മൂക്കുപൊത്തിമാത്രമേ അതുവഴി പോകാറുള്ളു. ഞാനും പണ്ട് മൂക്കുപൊത്തി കാര്‍ക്കിച്ചു തുപ്പി നടന്നു പോയത് ഓര്‍ക്കുന്നു. ഖദീജയെ അവിടെ വച്ചാണ് ആദ്യം ചുംബിച്ചത്. ആദ്യം ആലിംഗനം ചെയ്തത്. അവളുടെ തുളസിമണമുള്ള കവിളിലും കയ്യിലും എന്റെ നാസാദ്വാരങ്ങള്‍ തേടിയലഞ്ഞത്.
ആ കക്കൂസിനെ കുറിച്ചറിയേണ്ടെ? വലിയൊരു കുഴിക്ക് മുളില്‍ കൊന്നത്തെങ്ങിന്റെ രണ്ട് തടി കുറുക്കെയിട്ടിരിക്കുന്നു. ചുറ്റും ദ്രവിച്ച് വീഴാറായ ഓലമെടല്‍ മറ. ആളനങ്ങിയാല്‍ കുഴിയില്‍ നിന്ന് ഈച്ചയുടെ ഇരമ്പത്തോടെയുള്ള ഉയര്‍ച്ച, സൈബര്‍ അറ്റാക്കുകള്‍ നാണിച്ചു നില്‍ക്കും. എഴുപതുകളിലെ ശരാശരി ഗ്രാമീണന്റെ കക്കൂസ്. ഇന്ന് അവിടെയൊരു മണിമാളികയുണ്ട്. അകത്ത് മൂക്കുതുളക്കുന്ന പെര്‍ഫ്യൂമുകളുണ്ട്. എങ്കിലും എന്റെ മൂക്കില്‍ ആ പഴയമണം തന്നെയാണുള്ളത്. ഈച്ചകളുടെ ഇരമ്പമാണുള്ളത്. അങ്ങിനെയൊരു കക്കൂസുള്ളിടത്ത് ഇനിയും ഖദീജ വരും. എനിക്കുറപ്പുണ്ട്.
സത്യം, എന്റെ ഇന്‍ബോക്സില്‍ ഒരു സന്ദേശം ചാടിയിട്ടുണ്ട്.

Tuesday, August 9, 2011

Tuesday, May 24, 2011

ഫേസ്ബുക്ക് (മുഖംമൂടി)

നേരില്‍ കാണുമ്പോള്‍
നഖം കടിച്ച് മറയുന്നവരുടെ
ചാറ്റിംഗും വായപിളര്‍ന്നു
ചത്ത ചാലിയാറും ഒന്ന്;
വെള്ളമുണ്ടെന്നു തോന്നും
തവളയ്ക്ക് കുളിക്കാനും കൂടീല്ല.

ചാറ്റ്റൂമില്‍ പ്രണയത്തീക്കൊടി
ചുഴറ്റുന്ന ത്രിമാനപിണ്ഡങ്ങളുണ്ട്;
കാര്യത്തിലേക്ക് കടക്കുമ്പോഴേക്കും
പാര പാലുതിളയ്ളക്കലാകും
പരിപ്പ് വച്ച കുക്കറിന്റെ
കൊക്കരക്കോ വിളിയാകും
ഡോളര്‍, ശതമാനം, അത്ഭുതം!
ചിഹ്നങ്ങളുടെ ചിന്നം വിളിയാകും
(കാളയുടെ വാലു പൊങ്ങുന്നത്
കാണുന്നുവെന്ന് വ്യംഗ്യം).

ചിത്രകൂടത്തിലൊന്നു ക്ളിക്ക,്
ചിത്തം പിളര്‍ക്കുന്ന ഫ്രെയിമുകള്‍!
ചരിഞ്ഞമര്‍ന്നും നിവര്‍ന്നിരുന്നും
ഉരഗം പോലെ വലിഞ്ഞിഴഞ്ഞും
തനിനിറം മറയ്ക്കുന്ന കേട്ടെഴുത്തുകള്‍
ആത്മരതിയുടെ ഭക്രാനങ്കല്‍!
കുട്ടിയെ കടല്‍ കാണിക്കുന്നു
കുടചൂടി മഴകൊള്ളുന്നു
ചായം തേച്ച് വടുവായ
ചുണ്ടടരുന്നു, ട്രാഷ്പെട്ടിയിലേക്ക.്
ലോണടയ്ക്കാതെ വന്ന പിഴമെയില്‍
മാലിന്യക്കൂട്ടിലൊളിപ്പിക്കുന്നു.

ഓണ്‍ലൈനില്‍ ഒലിപ്പിച്ച
ഓരോ സ്ക്രാപ്പിലും അവള്‍
പ്രണയം ഒളിപ്പിച്ചുവച്ചു.
തെരുവുനായുടെ പ്രേമക്കുരയായി
അവന്റെ ചാളുവാമൊഴി.
ചാറ്റിംഗിന്റെ ലഹരിമോന്തി
കാലം സെര്‍വര്‍റൂമില്‍
കൂര്‍ക്കം വലിച്ചുറങ്ങി.
വിരഹം വിയര്‍ത്തുതീര്‍ന്നു.
കാളിദാസന്റെ വരിമറന്നു.
അവളുടെ അടിവയറ്റില്‍ നിന്ന്
ആര്‍ത്തിപൂണ്ട തൊഴിയുടെ ശബ്ദം
ആരും മോഹിക്കുന്ന ഡിജിറ്റലില്‍.
കഴിഞ്ഞ നൂറ്റാണ്ടിലെ തൊഴിയുടെ
അതേ താളം, അതേ ലയം.

അറിവ്

അറിവില്ല മക്കളേ
അറിയില്ല മക്കളേ
അറിവിന്റെ പത്തായ
മാരോ കവര്‍ന്നു പോയ്.

അറിയില്ല മക്കളേ
അറിവില്ല മക്കളേ
അറിവിന്റെ ചട്ടുകം
തട്ടിപ്പറിക്കുവാന്‍.
അറവിന്റെ താമ്പൂലം
മോഷ്ടിച്ചു പായുവാന്‍.

അവനവന്‍ തന്നിലായ്
അതിരറ്റപായപോല്‍
അളവറ്റ പാറപോല്‍
അളമുറ്റി വാഴുന്നിതറിവു
തന്‍ ചേരകള്‍.

അതുമറിയില്ല മക്കളേ,
അറിവുണ്ട്: നമ്മള്‍
അന്ധകാരക്കൂപ്പിലെന്ന്!
കുഷ്ടശാപത്തിലെന്ന്!
ആരോ മൊഴിഞ്ഞൊരറിവ്!

Sunday, May 22, 2011

തായമ്പക

കൂര്‍ത്ത് കറുത്ത കെട്ടില്‍
പതികാലത്തിന്റെ
ചെറു മധുരം.
നിമ്നോന്നതങ്ങളിലെ
നേര്‍കോലില്‍
വികാരത്തിന്റെ ണ കാരം,
കാലം കത്തി കയറി.
ഏറ്റിച്ചുരുക്കുമ്പോള്‍
വരിഞ്ഞു മുറുകി
കൂറുകള്‍ മാറി മറിഞ്ഞു.
പഞ്ചാരി, ചമ്പ!
ധി മികാരത്തിന്റെ
നെറുകയില്‍
ഒരു തുള്ളി വിയര്‍പ്പ്
ഇരുകിടയില്‍ കുഴമറി
വേഗം തേടി!
തോല്‍പ്പകര്‍ച്ചയില്‍
നിലാവ് ആടയുരിഞ്ഞു
ഗോപുരസമുച്ചയം!
കയ്യും കോലും തിരിച്ചറിയില്ല
മൂന്നിരട്ടി കൊട്ടിക്കയറി
പെരുക്കി മതി മറന്നു
വാനില്‍ പൂക്കില..
കൂട്ടപ്പൊരിച്ചില്‍

Tuesday, May 17, 2011

കേരള എക്സ്പ്രസും കരുണാകരന്റെ വഴിമുടക്കി

കേരള എക്സ്പ്രസും
വഴിമുടക്കി

കരുണാകരന്റെ ദീര്‍ഘകാല രാഷ്ട്രീയ ചരിത്രത്തില്‍ വഴിമുടക്കിയവരെല്ലാം അദ്ദേഹത്തിന്റെ തണലില്‍ വളര്‍ന്നതാണെന്നു കാണാം. എന്നാല്‍ ഒരു ട്രെയിന്‍ അദ്ദേഹത്തിന്റെ വഴിമുടക്കിയ കഥ തൃശൂരിന് പുറത്ത് അത്ര സുപരിചതമല്ല. ഒരു ദിവസം രാവിലെ കരുണാകരന്‍ രാമനിലയത്തില്‍ നിന്ന് പൂങ്കുന്നത്തേക്ക് പോവുകയാണ്. കാറില്‍ ഉറ്റ അനുയായി ചന്ദ്രമോഹനുമുണ്ട്. പാട്ടുരായ്ക്കല്‍ മേല്‍പ്പാലം പണിതിട്ടില്ല. പൂങ്കുന്നം ലവല്‍ക്രോസ് കടന്നുവേണം പോകാന്‍. സാധാരണ കരുണാകരന്‍ അതുവഴിപോകുന്നുണ്ടെങ്കില്‍ അതുകഴിഞ്ഞേ ട്രെയിന്‍ വിടാറുള്ളു. അന്ന് ഗേറ്റ് അടച്ചിരിക്കുന്നു. കുറേ നേരം അവിടെ കിടന്നു. അല്‍പം കഴിഞ്ഞപ്പോള്‍ ട്രെയിന്‍ വന്നു. "ഏതാണ് ആ വണ്ടി?'' കരുണാകരന്‍ ചോദിച്ചു. "കേരള എക്സ്പ്രസ്''-ഡ്രൈവര്‍ പറഞ്ഞു. കരുണാകരന്‍ ഒന്ന് ഊറിച്ചിരിച്ചു. എന്നിട്ട് പറഞ്ഞു: "ഞാന്‍ വളര്‍ത്തി വലുതാക്കിയവരെല്ലാം തന്റെ വഴിമുടക്കിയിട്ടേയുള്ളു. ദാ ഇപ്പോള്‍ കേരള എക്സ്പ്രസും.'' മുഖ്യമന്ത്രിയായിരിക്കെ കരുണാകരന്‍ ദില്ലയില്‍ നടത്തിയ ശ്രമത്തെ തുടര്‍ന്നാണ് കേരള എക്സ്പ്രസ് അനുവദിച്ചത്.
ആകാശവാണിയില്‍ ആദ്യവെടി
തൃശൂരും കരുണാകരനും തമ്മിലുള്ള ആത്മബന്ധം മലയാളിക്ക് ആരും പറഞ്ഞു കൊടുക്കേണ്ടതില്ല. സദാകാറ്റുവീശുന്ന മാമരങ്ങളുടെ തണലില്‍ തണുപ്പുറയുന്ന രാമനിലയം. പ്രിയപത്നി കല്യാണിക്കുട്ടിയമ്മ അന്ത്യവിശ്രമം കൊള്ളുന്ന പൂങ്കുന്നത്തെ വീട്. തൊട്ടപ്പുറത്ത് തന്റെ രാഷട്രീയ കിന്റര്‍ഗാര്‍ട്ടനായ സീതാറാംമില്ല്. നേതൃനിരയിലേക്ക് കൈപിടിച്ചുയര്‍ത്തിയ എഴുത്തഛന്റെ ഓര്‍മ്മകള്‍. തൃശൂരിലെ മാധ്യമ പ്രവര്‍ത്തകര്‍. എല്ലാം എല്ലാം ഈ രാഷട്രീയചാണക്യനെ തൃശൂരുമായി വിളക്കിച്ചേര്‍ത്തു. കരുണാകരന്റെ തട്ടകം എന്ന പേരും തൃശൂരിന് വീണു. മലയളാമാസം ഒന്നാം തീയതികളില്‍ രാമനിലയത്തില്‍ നിന്ന് ചൂടും ചൂരുമുള്ള വാര്‍ത്തകള്‍ പിറന്നു കൊണ്ടിരുന്നു. തലേന്ന് രാമനിലയത്തില്‍ താമസിച്ച് പുലര്‍ച്ചെ ഗുരുവായൂരില്‍ പോകും. മടങ്ങിവന്ന് പ്രാതല്‍. പ്രാദേശിക നേതാക്കള്‍ക്ക് കാണാന്‍ അവസരം. കാത്തുനില്‍ക്കുന്ന മാധ്യമ പ്രവര്‍ത്തകരോട് നാലു വരി. ഇതായിരുന്നു വര്‍ഷങ്ങളോളമുള്ള പതിവ്. തൃശൂരിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഏറെക്കാലത്തെ ആവേശമായിരുന്നു ആ വാര്‍ത്താസമ്മേളനങ്ങള്‍. മുഖ്യമന്ത്രിയായിരുന്നപ്പോഴും പ്രതിപക്ഷ നേതാവായിരുന്നപ്പോഴും ആന്റണി ഉമ്മന്‍ചാണ്ടി സംഘത്തോട് നേര്‍ക്കുനേര്‍ പോരാടിയപ്പോഴും ഒരു പടക്കുതിരയെ പോലെ പാഞ്ഞു കയറി. ഒപ്പമുള്ളവര്‍ ചതിച്ച് മറുകണ്ടം ചാടിയപ്പോഴും മക്കള്‍ രാഷട്രീയത്തിന്റെ കൊടും വിവാദങ്ങള്‍ തിരിഞ്ഞുകുത്തിയപ്പോഴും പതറിയില്ല. കണ്ണിറുക്കി കാണിച്ച് ഘടകകക്ഷികളില്‍ ചിലര്‍ക്ക് ഒരു കുത്ത്. ഒന്ന് വെളുക്കെ ചിരിച്ച്, ആന്റണിക്കൊരു പാര. ഇങ്ങിനെ പോകും വാര്‍ത്താസമ്മേളനം. ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കുള്ള ആകാശവാണി വാര്‍ത്തയിലാകും ആദ്യവെടി. പിറ്റേന്നത്തെ പത്രങ്ങള്‍ അതിന്റെ കൂട്ടപ്പൊരിച്ചിലും നടത്തും. എ കെ ആന്റണിക്കെതിരായ യുദ്ധത്തിന്റെ തുടക്കം കുറിച്ച് ഒരു ഉച്ച (12.30)വാര്‍ത്തയിലാണ് കരുണാകരന്‍ ആദ്യവെടി പൊട്ടിച്ചത്. പിന്നീട് ദൃശ്യമാധ്യമങ്ങളുടെ കാലമായി. വഴിമരുന്നിടാനും നീറ്റാനും ഒന്നും സമയമില്ല. വരമ്പത്ത് കൂലി എന്നു പറയുന്നതു പോലെ, പറയുന്ന സമയം തന്നെ വിവാദവും മറുപടിയും.
'സ്കൂപ്പ്' അടിക്കാന്‍ മൂത്രപ്പുരയില്‍
സ്വന്തം നേതാവിനെ പോലെയാണ് പഴയ പത്രപ്രവര്‍ത്തകര്‍ കരുണാകരനെ കണ്ടിട്ടുള്ളത്. അദ്ദേഹത്തിന് ഇഷ്ടപ്പെടാന്‍ സാധ്യതയില്ലാത്ത ചോദ്യങ്ങള്‍ ആരെങ്കിലും ഉന്നയിച്ചാല്‍ ഇവരുടെ മുഖം കറുക്കും. വെള്ളവസ്ത്രത്തില്‍ പ്രസന്നവദനനായി വന്ന് ചിരിച്ചുകൊണ്ടാണ് തുടങ്ങുക. "എന്താ വിശേഷിച്ച്?'' പത്രക്കാരോടാണ് ആദ്യചോദ്യം. പതുക്കെ പതുക്കെ പത്രപ്രവര്‍ത്തകര്‍ ഇളക്കിക്കൊണ്ടിരിക്കും. തിരുവനന്തപുരത്തുനിന്ന് മാധ്യമപ്രവര്‍ത്തകരോട് ഒന്നുമില്ലെന്ന് ആംഗ്യം കാണിച്ച് പോന്ന് തൃശൂരിലെത്തി ചൂട്വാര്‍ത്തകള്‍ സമ്മാനിച്ച സന്ദര്‍ഭങ്ങളുമുണ്ട്. രാമനിലയത്തിലെ മുറിയില്‍ അദ്ദേഹത്തിന്റെ കസേരയോട് ചേര്‍ന്ന് നിന്നും തറിയിലുരുന്നും മെത്തയില്‍ കയറിനിന്നും ഒക്കെ കുത്തിക്കുറിച്ച് ആ പതിഞ്ഞ ശബ്ദത്തിലടങ്ങിയ വെടിമരുന്ന് പത്രപ്രവര്‍ത്തകര്‍ തേടിപ്പിടിക്കും. 'ചായ കുടിച്ചോ?' എന്ന ചോദ്യത്തോടെ വാര്‍ത്താസമ്മേളനം അവസാനിക്കും. ചിലപ്പോള്‍ പ്രാതലും നല്‍കും. രാമനിലയത്തിലെ പ്രാതല്‍ കരുണാകരന്റെ പ്രിയപ്പെട്ട മെനുവാണ്. ഇഡലി, സാമ്പാര്‍, ചട്ണി, പഴംപുഴുങ്ങിയത്. ഇന്നും ആ മെനു തുടരുന്നു. തൃശൂരിലെ മാധ്യമപ്രവര്‍ത്തകരുമായി അകലുകയും രാമനിലയത്തില്‍ വാര്‍ത്തകള്‍ പിരിഞ്ഞു പോവുകയും ചെയ്ത കാലമുണ്ടായിരുന്നു. അദ്ദേഹം വാതുറക്കാതായി. പത്മജ മുകുന്ദപുരത്തുമത്സരിച്ചപ്പോള്‍ സഹായിച്ചില്ലെന്നും വാര്‍ത്തകള്‍ വളച്ചൊടിക്കുന്നുവെന്നും മറ്റുമായിരുന്നു പിന്നാമ്പുറത്ത് കേട്ട കാരണം. ഇതോടെ സ്വകാര്യമായി കരുണാകരനെ കണ്ട് വാര്‍ത്തകളുണ്ടാക്കാനുള്ള ശ്രമമായി. ചിലര്‍ ഗുരവായൂരില്‍ തൊഴുതുമടങ്ങുന്ന വഴിയില്‍ എന്തെങ്കിലും ചോദിച്ച് വാര്‍ത്തയാക്കി. ഇതൊരുമത്സരമായി മാറി. ഒരു വലിയ പത്രത്തിന്റെ ലേഖകന്‍ ഇരിങ്ങാലക്കുടയില്‍ കാത്തുനിന്ന് കരുണാകരന്‍ വരുന്ന ട്രെയിനില്‍ കയറി. ഫസ്റ്റ് എസി കോച്ചിലുള്ള മൂത്രപ്പുരക്കടുത്ത് പതുങ്ങിനിന്നു. കരുണാകരന്‍ ഇറങ്ങാന്‍നേരം നേരെ ചെന്ന് സംസാരിച്ച് വാര്‍ത്തയാക്കി. ഇത് ഏറെ ചര്‍ച്ചയായിരുന്നു. പ്രമുഖലേഖകന്‍ മൂത്രപ്പുരയില്‍ ഒളിച്ച് നിന്ന് 'സ്കൂപ്പ'ടിച്ചുവെന്നായിരുന്നു ആക്ഷേപം. യുഡിഎഫ് വിടാന്‍ തീരുമാനിച്ച കാലത്ത് രാമനിലയത്തില്‍ വീണ്ടും വാര്‍ത്താസമ്മേളനം നടത്താന്‍ തുടങ്ങിയെങ്കിലും പഴയതു പോലെ വാര്‍ത്തകള്‍ക്ക് ചൂടുണ്ടായില്ല. ഉല്‍ക്കകള്‍ പോലെ ചുറ്റുംകൂടിയിരുന്ന അനുചരന്മാരും കുറഞ്ഞു കുറഞ്ഞു വന്നു.

Monday, May 16, 2011

ദിനേശ് വര്‍മ യുടെ നില സാധകം