Monday, December 5, 2011

മഞ്ഞ് വായിച്ച്...ഉറങ്ങരുത്



ന്യൂഡല്‍ഹിയില്‍ വന്നിറങ്ങിയപ്പോള്‍ ഒരു കുളിര്. നവംബറാണ്. അരിച്ചരിച്ച് മഞ്ഞിന്റെ നീലവരകള്‍ താഴേക്ക് ഇറങ്ങുന്ന കാലമായിരിക്കുന്നു. തെരവുകളില്‍ തിരക്കൊഴിഞ്ഞു. അവധിയാണോ? ദീപാവലി കഴിഞ്ഞതല്ലേയുള്ളു. ഉം...ദീപപ്രഭകളുടെ ഉപാന്തരങ്ങള്‍ ചെറിയ മഞ്ഞുകണങ്ങളില്‍ തട്ടി പകര്‍ന്നു പകര്‍ന്നു പോകുന്നു. ആഴ്ചകള്‍ക്ക് മുമ്പ് ഈ തെരുവുകളെ വിറപ്പിച്ച സൂര്യന്‍ എവിടെ? മനുഷ്യന്റെ എല്ലാ അഹങ്കാരങ്ങളെയും പിച്ചിച്ചീന്തിയ കൊടുംവെയിലിന്റെ നട്ടുച്ചകള്‍ക്ക് വിടചൊല്ലി കഴിഞ്ഞു ഡെല്‍ഹി. ഇന്ത്യാഗേറ്റ് വ്യക്തമായി കാണുന്നില്ല, ഒരു പുകപടലത്തിനകപ്പെട്ട ഭീകര ജീവിയെ പോലെ തോന്നി. യുദ്ധസ്മാരകമാണ്. മഞ്ഞും മലയും വെയിലും ഘോരമാം മഴയും തൃണവല്‍ഗണിച്ച് രാജ്യത്തിനു വേണ്ടി പോരാടിയവരുടെ സ്മരണാസ്തൂപം മറയുകയോ. ഇല്ല. എനിക്ക് കാണാം. ഖാന്‍മാരും സിഖുകാരും നിറഞ്ഞു നില്‍ക്കുന്ന ആ സ്തുപത്തെ എനിക്കു കാണാം.
നിരനിരയാര്‍ന്ന് പച്ചക്കുട നിവര്‍ത്തിയ ഞാവല്‍ മരങ്ങള്‍ നഷ്ട സ്മൃതിയില്‍ വിങ്ങുന്നതും കണ്ടു. മെയ്മാസത്തിന്റെ തെളിഞ്ഞ ആകാശത്തിലെ നക്ഷത്രങ്ങളെ മറച്ച് കറുപ്പിന്റെ നൂറഴക് വിടര്‍ത്തിയ ഞാവല്‍മഴയുടെ ഒരു വെയില്‍ നാളിലാണ് ഡെല്‍ഹിയെ ആദ്യമായി കാണുന്നത്. അതെ, ഞാവല്‍ പഴങ്ങള്‍ ദീപസ്തംഭമൊരുക്കിയ വേനല്‍പകലുകളെ എങ്ങിനെ മറക്കാന്‍. രാത്രി എട്ട് മണിയായിട്ടും മടിച്ചു നില്‍ക്കുന്ന ഇരുട്ടിനെ ഡെല്‍ഹിയിലെ സ്ത്രീകള്‍ പിടിച്ച് വലിച്ച് അകത്തിട്ട കാലം മറക്കാനാവില്ല. ഇതെന്തൊരു മറിമായം. വൈകിട്ട് ആറിന് കുറ്റാകൂരിരുട്ടാണ്. ജന്തര്‍മന്തിര്‍ പരിസരത്തുള്ള റോഡുകളില്‍ അടക്കം പറച്ചിലും ഞരക്കങ്ങളും കേട്ടുതുടങ്ങിയിരിക്കുന്നു.
മുറിയിലെത്തി കട്ടിലിലേക്ക് ചാഞ്ഞു. ചില്ലുപാളി ജനലിന് പുറത്ത് തണുപ്പ് കാത്തു നില്‍ക്കുകയാണ്, ട്രാഷ് ബോക്സില്‍ നിന്ന് ഇന്‍ബോക്സിലേക്ക് കടക്കാന്‍. ഞാന്‍ വിട്ടുകൊടുത്തില്ല. കമ്പിളിയുടെ മറവില്‍ കരിമ്പടത്തിന്റെ ഇഴകളെണ്ണിയെടുത്തു. തല പൂര്‍ണമായും മറക്കുന്നതിനിടയിലാണ് ഷെല്‍ഫില്‍ 'മഞ്ഞ്' കണ്ടത്. അതെ, സാക്ഷാല്‍ മഞ്ഞ്. ഞാന്‍ ജനിക്കുന്നതിന് മുമ്പ് എം ടി വാസുദേവന്‍നായര്‍ എഴുതിയ നോവെല്ല. അതിറങ്ങിയ കാലത്ത് അധികമാരും കേള്‍ക്കാത്ത രൂപം, നോവെല്ല. അന്ന് മലയാളികള്‍ക്ക് സങ്കല്‍പിക്കാനാവാത്ത രംഗങ്ങള്‍ തുറന്നുവച്ച ഹിമാലയന്‍ ജീവിതത്തിന്റെ രസജാലകം. നിങ്ങള്‍ക്ക് ആദിമധ്യാന്തം ആ കഥപറയാനാകില്ല. പക്ഷെ, കവിത പോലെ..സംഗീതം പോലെ....പെയിന്റിംഗ് പോലെ.....ചെറു ചെറു അധ്യായങ്ങള്‍ നമ്മളെ സുഖകരമായ ഒരു തണുപ്പിന്റെ ഉള്ളറകളിലെ നൊമ്പരങ്ങള്‍ കാട്ടിത്തരുന്നു. വിമല! ഹൊ...എന്തൊരു കഥാപാത്രം. ഏാഴാം അധ്യായമൊന്നു മതി. ജീവിതത്തിന്റെ നക്ഷത്രക്കൂട് ഒരു പ്രാവശ്യം മാത്രം തുറന്നാല്‍ പോരെ..എന്തിനധികം. പഠനമെഴുതിയ കെ പി ശങ്കരന്‍ മറ്റെല്ലാത്തിനെയും കുറിച്ചെഴുതി. തന്റെ എല്ലാം വിമല ആ പുരുഷന് സമര്‍പ്പിച്ച ആ രാത്രിയെ കുറിച്ചെഴുതിയില്ല. വിമല ആലസ്യം പൂണ്ട് കിടന്ന ആദ്യാനുഭവത്തിന്റെ ബാക്കിപത്രത്തിന്റെ സുന്ദരഛായകള്‍. അതല്ലേ മഞ്ഞിന്റെ നീലിമ.
"ഒന്നും പറയാന്‍ വയ്യ. കരയാം, ചിരിക്കാം. ശരീരമാകെ നീറുകയായിരുന്നു. എഴുന്നേല്‍ക്കാന്‍ ഭയം തോന്നി. കണ്ണടച്ചു കിടന്നു. അപ്പോള്‍ മെയ്മാസത്തിലെ തെളിഞ്ഞ ആകാശത്ത് നക്ഷത്രങ്ങള്‍ പൂക്കുന്നതു കണ്ടു. അകലത്ത് ആരോ കാറ്റില്‍ പറത്തിയ വെള്ളത്തൂവാല പോലെ ഒരു മേഖക്കീറ് പാഞ്ഞു പോകുന്നു.'' വിമലയുടെ ഓര്‍മ്മയുടെ ഈ നടുക്കണ്ടം വീണ്ടും വീണ്ടും വായിച്ചു. ഉറങ്ങിപ്പോയി.
നീലത്തടാകവും പാറക്കെട്ടുകളുമുള്ള ആ മഞ്ഞ മലയുടെ താഴ്വാരത്തില്‍ സാരിപുതച്ച് മന്ദഹസിച്ച വിമലയെ അറുപതുകളുടെ ആദ്യം മലയാളിക്ക് പരിചയപ്പെടുത്തിയ എം ടി യുടെ രചനാശില്‍പ വൈഭവം അസൂയയോടെ ഓര്‍ത്ത് ഞെട്ടിയുണര്‍ന്നു. നോക്കുമ്പോള്‍ കമ്പ്യൂട്ടര്‍ ഷട്ട്ഡൌണ്‍ ചെയ്തിട്ടില്ല. ഫേസ്ബുകില്‍ ആരോ ലൈനിലുണ്ട്. നോക്കാന്‍ പോയില്ല. എനിക്കറിയാം...നോക്കിയാല്‍ മറുപടി പറയേണ്ടി വരും. വീണ്ടും എന്തൊക്കെയോ സ്വപ്നങ്ങള്‍. വിമലയുടെ ഒരു സുഖം സമ്മാനിച്ചത് നൊമ്പരങ്ങളുടെ നൂറു നൂറു ദിനങ്ങളാണോ? ആവണമെന്നില്ല...

No comments: