നേരില്‍ കാണുമ്പോള്‍
നഖം കടിച്ച് മറയുന്നവരുടെ
ചാറ്റിംഗും വായപിളര്‍ന്നു
ചത്ത ചാലിയാറും ഒന്ന്;
വെള്ളമുണ്ടെന്നു തോന്നും
തവളയ്ക്ക് കുളിക്കാനും കൂടീല്ല.
ചാറ്റ്റൂമില്‍ പ്രണയത്തീക്കൊടി
ചുഴറ്റുന്ന ത്രിമാനപിണ്ഡങ്ങളുണ്ട്;
കാര്യത്തിലേക്ക് കടക്കുമ്പോഴേക്കും
പാര പാലുതിളയ്ളക്കലാകും
പരിപ്പ് വച്ച കുക്കറിന്റെ
കൊക്കരക്കോ വിളിയാകും
ഡോളര്‍, ശതമാനം, അത്ഭുതം!
ചിഹ്നങ്ങളുടെ ചിന്നം വിളിയാകും
(കാളയുടെ വാലു പൊങ്ങുന്നത്
കാണുന്നുവെന്ന് വ്യംഗ്യം).
ചിത്രകൂടത്തിലൊന്നു ക്ളിക്ക,്
ചിത്തം പിളര്‍ക്കുന്ന ഫ്രെയിമുകള്‍!
ചരിഞ്ഞമര്‍ന്നും നിവര്‍ന്നിരുന്നും
ഉരഗം പോലെ വലിഞ്ഞിഴഞ്ഞും
തനിനിറം മറയ്ക്കുന്ന കേട്ടെഴുത്തുകള്‍
ആത്മരതിയുടെ ഭക്രാനങ്കല്‍!
കുട്ടിയെ കടല്‍ കാണിക്കുന്നു
കുടചൂടി മഴകൊള്ളുന്നു
ചായം തേച്ച് വടുവായ
ചുണ്ടടരുന്നു, ട്രാഷ്പെട്ടിയിലേക്ക.്
ലോണടയ്ക്കാതെ വന്ന പിഴമെയില്‍
മാലിന്യക്കൂട്ടിലൊളിപ്പിക്കുന്നു.
ഓണ്‍ലൈനില്‍ ഒലിപ്പിച്ച
ഓരോ സ്ക്രാപ്പിലും അവള്‍
പ്രണയം ഒളിപ്പിച്ചുവച്ചു.
തെരുവുനായുടെ പ്രേമക്കുരയായി
അവന്റെ ചാളുവാമൊഴി.
ചാറ്റിംഗിന്റെ ലഹരിമോന്തി
കാലം സെര്‍വര്‍റൂമില്‍
കൂര്‍ക്കം വലിച്ചുറങ്ങി.
വിരഹം വിയര്‍ത്തുതീര്‍ന്നു.
കാളിദാസന്റെ വരിമറന്നു.
അവളുടെ അടിവയറ്റില്‍ നിന്ന്
ആര്‍ത്തിപൂണ്ട തൊഴിയുടെ ശബ്ദം
ആരും മോഹിക്കുന്ന ഡിജിറ്റലില്‍.
കഴിഞ്ഞ നൂറ്റാണ്ടിലെ തൊഴിയുടെ
അതേ താളം, അതേ ലയം.
No comments:
Post a Comment