കേരള എക്സ്പ്രസും
വഴിമുടക്കി
കരുണാകരന്റെ ദീര്‍ഘകാല രാഷ്ട്രീയ ചരിത്രത്തില്‍ വഴിമുടക്കിയവരെല്ലാം അദ്ദേഹത്തിന്റെ തണലില്‍ വളര്‍ന്നതാണെന്നു കാണാം. എന്നാല്‍ ഒരു ട്രെയിന്‍ അദ്ദേഹത്തിന്റെ വഴിമുടക്കിയ കഥ തൃശൂരിന് പുറത്ത് അത്ര സുപരിചതമല്ല. ഒരു ദിവസം രാവിലെ കരുണാകരന്‍ രാമനിലയത്തില്‍ നിന്ന് പൂങ്കുന്നത്തേക്ക് പോവുകയാണ്. കാറില്‍ ഉറ്റ അനുയായി ചന്ദ്രമോഹനുമുണ്ട്. പാട്ടുരായ്ക്കല്‍ മേല്‍പ്പാലം പണിതിട്ടില്ല. പൂങ്കുന്നം ലവല്‍ക്രോസ് കടന്നുവേണം പോകാന്‍. സാധാരണ കരുണാകരന്‍ അതുവഴിപോകുന്നുണ്ടെങ്കില്‍ അതുകഴിഞ്ഞേ ട്രെയിന്‍ വിടാറുള്ളു. അന്ന് ഗേറ്റ് അടച്ചിരിക്കുന്നു. കുറേ നേരം അവിടെ കിടന്നു. അല്‍പം കഴിഞ്ഞപ്പോള്‍ ട്രെയിന്‍ വന്നു. "ഏതാണ് ആ വണ്ടി?'' കരുണാകരന്‍ ചോദിച്ചു. "കേരള എക്സ്പ്രസ്''-ഡ്രൈവര്‍ പറഞ്ഞു. കരുണാകരന്‍ ഒന്ന് ഊറിച്ചിരിച്ചു. എന്നിട്ട് പറഞ്ഞു: "ഞാന്‍ വളര്‍ത്തി വലുതാക്കിയവരെല്ലാം തന്റെ വഴിമുടക്കിയിട്ടേയുള്ളു. ദാ ഇപ്പോള്‍ കേരള എക്സ്പ്രസും.'' മുഖ്യമന്ത്രിയായിരിക്കെ കരുണാകരന്‍ ദില്ലയില്‍ നടത്തിയ ശ്രമത്തെ തുടര്‍ന്നാണ് കേരള എക്സ്പ്രസ് അനുവദിച്ചത്.
ആകാശവാണിയില്‍ ആദ്യവെടി
തൃശൂരും കരുണാകരനും തമ്മിലുള്ള ആത്മബന്ധം മലയാളിക്ക് ആരും പറഞ്ഞു കൊടുക്കേണ്ടതില്ല. സദാകാറ്റുവീശുന്ന മാമരങ്ങളുടെ തണലില്‍ തണുപ്പുറയുന്ന രാമനിലയം. പ്രിയപത്നി കല്യാണിക്കുട്ടിയമ്മ അന്ത്യവിശ്രമം കൊള്ളുന്ന പൂങ്കുന്നത്തെ വീട്. തൊട്ടപ്പുറത്ത് തന്റെ രാഷട്രീയ കിന്റര്‍ഗാര്‍ട്ടനായ സീതാറാംമില്ല്. നേതൃനിരയിലേക്ക് കൈപിടിച്ചുയര്‍ത്തിയ എഴുത്തഛന്റെ ഓര്‍മ്മകള്‍. തൃശൂരിലെ മാധ്യമ പ്രവര്‍ത്തകര്‍. എല്ലാം എല്ലാം ഈ രാഷട്രീയചാണക്യനെ തൃശൂരുമായി വിളക്കിച്ചേര്‍ത്തു. കരുണാകരന്റെ തട്ടകം എന്ന പേരും തൃശൂരിന് വീണു. മലയളാമാസം ഒന്നാം തീയതികളില്‍ രാമനിലയത്തില്‍ നിന്ന് ചൂടും ചൂരുമുള്ള വാര്‍ത്തകള്‍ പിറന്നു കൊണ്ടിരുന്നു. തലേന്ന് രാമനിലയത്തില്‍ താമസിച്ച് പുലര്‍ച്ചെ ഗുരുവായൂരില്‍ പോകും. മടങ്ങിവന്ന് പ്രാതല്‍. പ്രാദേശിക നേതാക്കള്‍ക്ക് കാണാന്‍ അവസരം. കാത്തുനില്‍ക്കുന്ന മാധ്യമ പ്രവര്‍ത്തകരോട് നാലു വരി. ഇതായിരുന്നു വര്‍ഷങ്ങളോളമുള്ള പതിവ്. തൃശൂരിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഏറെക്കാലത്തെ ആവേശമായിരുന്നു ആ വാര്‍ത്താസമ്മേളനങ്ങള്‍. മുഖ്യമന്ത്രിയായിരുന്നപ്പോഴും പ്രതിപക്ഷ നേതാവായിരുന്നപ്പോഴും ആന്റണി ഉമ്മന്‍ചാണ്ടി സംഘത്തോട് നേര്‍ക്കുനേര്‍ പോരാടിയപ്പോഴും ഒരു പടക്കുതിരയെ പോലെ പാഞ്ഞു കയറി. ഒപ്പമുള്ളവര്‍ ചതിച്ച് മറുകണ്ടം ചാടിയപ്പോഴും മക്കള്‍ രാഷട്രീയത്തിന്റെ കൊടും വിവാദങ്ങള്‍ തിരിഞ്ഞുകുത്തിയപ്പോഴും പതറിയില്ല. കണ്ണിറുക്കി കാണിച്ച് ഘടകകക്ഷികളില്‍ ചിലര്‍ക്ക് ഒരു കുത്ത്. ഒന്ന് വെളുക്കെ ചിരിച്ച്, ആന്റണിക്കൊരു പാര. ഇങ്ങിനെ പോകും വാര്‍ത്താസമ്മേളനം. ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കുള്ള ആകാശവാണി വാര്‍ത്തയിലാകും ആദ്യവെടി. പിറ്റേന്നത്തെ പത്രങ്ങള്‍ അതിന്റെ കൂട്ടപ്പൊരിച്ചിലും നടത്തും. എ കെ ആന്റണിക്കെതിരായ യുദ്ധത്തിന്റെ തുടക്കം കുറിച്ച് ഒരു ഉച്ച (12.30)വാര്‍ത്തയിലാണ് കരുണാകരന്‍ ആദ്യവെടി പൊട്ടിച്ചത്. പിന്നീട് ദൃശ്യമാധ്യമങ്ങളുടെ കാലമായി. വഴിമരുന്നിടാനും നീറ്റാനും ഒന്നും സമയമില്ല. വരമ്പത്ത് കൂലി എന്നു പറയുന്നതു പോലെ, പറയുന്ന സമയം തന്നെ വിവാദവും മറുപടിയും.
'സ്കൂപ്പ്' അടിക്കാന്‍ മൂത്രപ്പുരയില്‍
സ്വന്തം നേതാവിനെ പോലെയാണ് പഴയ പത്രപ്രവര്‍ത്തകര്‍ കരുണാകരനെ കണ്ടിട്ടുള്ളത്. അദ്ദേഹത്തിന് ഇഷ്ടപ്പെടാന്‍ സാധ്യതയില്ലാത്ത ചോദ്യങ്ങള്‍ ആരെങ്കിലും ഉന്നയിച്ചാല്‍ ഇവരുടെ മുഖം കറുക്കും. വെള്ളവസ്ത്രത്തില്‍ പ്രസന്നവദനനായി വന്ന് ചിരിച്ചുകൊണ്ടാണ് തുടങ്ങുക. "എന്താ വിശേഷിച്ച്?'' പത്രക്കാരോടാണ് ആദ്യചോദ്യം. പതുക്കെ പതുക്കെ പത്രപ്രവര്‍ത്തകര്‍ ഇളക്കിക്കൊണ്ടിരിക്കും. തിരുവനന്തപുരത്തുനിന്ന് മാധ്യമപ്രവര്‍ത്തകരോട് ഒന്നുമില്ലെന്ന് ആംഗ്യം കാണിച്ച് പോന്ന് തൃശൂരിലെത്തി ചൂട്വാര്‍ത്തകള്‍ സമ്മാനിച്ച സന്ദര്‍ഭങ്ങളുമുണ്ട്. രാമനിലയത്തിലെ മുറിയില്‍ അദ്ദേഹത്തിന്റെ കസേരയോട് ചേര്‍ന്ന് നിന്നും തറിയിലുരുന്നും മെത്തയില്‍ കയറിനിന്നും ഒക്കെ കുത്തിക്കുറിച്ച് ആ പതിഞ്ഞ ശബ്ദത്തിലടങ്ങിയ വെടിമരുന്ന് പത്രപ്രവര്‍ത്തകര്‍ തേടിപ്പിടിക്കും. 'ചായ കുടിച്ചോ?' എന്ന ചോദ്യത്തോടെ വാര്‍ത്താസമ്മേളനം അവസാനിക്കും. ചിലപ്പോള്‍ പ്രാതലും നല്‍കും. രാമനിലയത്തിലെ പ്രാതല്‍ കരുണാകരന്റെ പ്രിയപ്പെട്ട മെനുവാണ്. ഇഡലി, സാമ്പാര്‍, ചട്ണി, പഴംപുഴുങ്ങിയത്. ഇന്നും ആ മെനു തുടരുന്നു. തൃശൂരിലെ മാധ്യമപ്രവര്‍ത്തകരുമായി അകലുകയും രാമനിലയത്തില്‍ വാര്‍ത്തകള്‍ പിരിഞ്ഞു പോവുകയും ചെയ്ത കാലമുണ്ടായിരുന്നു. അദ്ദേഹം വാതുറക്കാതായി. പത്മജ മുകുന്ദപുരത്തുമത്സരിച്ചപ്പോള്‍ സഹായിച്ചില്ലെന്നും വാര്‍ത്തകള്‍ വളച്ചൊടിക്കുന്നുവെന്നും മറ്റുമായിരുന്നു പിന്നാമ്പുറത്ത് കേട്ട കാരണം. ഇതോടെ സ്വകാര്യമായി കരുണാകരനെ കണ്ട് വാര്‍ത്തകളുണ്ടാക്കാനുള്ള ശ്രമമായി. ചിലര്‍ ഗുരവായൂരില്‍ തൊഴുതുമടങ്ങുന്ന വഴിയില്‍ എന്തെങ്കിലും ചോദിച്ച് വാര്‍ത്തയാക്കി. ഇതൊരുമത്സരമായി മാറി. ഒരു വലിയ പത്രത്തിന്റെ ലേഖകന്‍ ഇരിങ്ങാലക്കുടയില്‍ കാത്തുനിന്ന് കരുണാകരന്‍ വരുന്ന ട്രെയിനില്‍ കയറി. ഫസ്റ്റ് എസി കോച്ചിലുള്ള മൂത്രപ്പുരക്കടുത്ത് പതുങ്ങിനിന്നു. കരുണാകരന്‍ ഇറങ്ങാന്‍നേരം നേരെ ചെന്ന് സംസാരിച്ച് വാര്‍ത്തയാക്കി. ഇത് ഏറെ ചര്‍ച്ചയായിരുന്നു. പ്രമുഖലേഖകന്‍ മൂത്രപ്പുരയില്‍ ഒളിച്ച് നിന്ന് 'സ്കൂപ്പ'ടിച്ചുവെന്നായിരുന്നു ആക്ഷേപം. യുഡിഎഫ് വിടാന്‍ തീരുമാനിച്ച കാലത്ത് രാമനിലയത്തില്‍ വീണ്ടും വാര്‍ത്താസമ്മേളനം നടത്താന്‍ തുടങ്ങിയെങ്കിലും പഴയതു പോലെ വാര്‍ത്തകള്‍ക്ക് ചൂടുണ്ടായില്ല. ഉല്‍ക്കകള്‍ പോലെ ചുറ്റുംകൂടിയിരുന്ന അനുചരന്മാരും കുറഞ്ഞു കുറഞ്ഞു വന്നു.
No comments:
Post a Comment