
ഈ റോഡാണോ മോശമാണെന്ന് സി കെ ഠാകൂര്‍ പറഞ്ഞത്. കഷ്ടം! അയാളുടെ നാവ് ചെമ്പാകട്ടെ! എത്ര സുന്ദരമായ റോഡ്. മഥുരയില്‍ നിന്ന് സന്ധ്യയ്ക്കേ ഭരത്പുരിലേക്ക് തിരിക്കാനാവു. അവിടെ നിന്ന് രാവിലെ ഗോപാല്ഗഢിലേക്ക് തിരിക്കുകയും വേണം. അതിനാല്‍ എളുപ്പുള്ളതും നല്ലതുമായ റോഡ് ചോദിച്ചാണ് വഴികളില്‍ വിദഗ്ധനായ വാച്ചര്‍ ഠാകൂറിനെ സമീപിച്ചത്. ഇടക്ക് പാന്‍പരാഗും തീപ്പെട്ടിയും തന്ന് സഹായിക്കുന്ന ഹരിയാനക്കാരന് ഠാകൂര്‍. തണുപ്പുകാലത്ത് ഡെല്‍ഹിയില്‍ സായിപ്പ് നിര്‍മ്മിച്ച വെസ്റ്റേണ്കോര്ട്ടിന്റെ ഗേറ്റിനരികില്‍ അയാള്‍ നില്ക്കുന്നതു കണ്ടാല്‍ യൂറോപ്പിലെ ഏതോ പുരാതന കോളനിയിലാണെന്നേ തോന്നൂ.
ഡെല്ഹിക്കാര് പറയുക നിങ്ങള്‍ മദിരാശികള്ക്ക് പതുക്കെയേ തണുക്കൂവെന്നാണ്. ഡെല്‍ഹിയില്‍ ജനിച്ചു വളര്‍ന്നവരാണ് അധികവും ആദ്യം സെറ്ററണിയുക. ഠാകൂര്‍ സെറ്ററിട്ടപ്പോഴും മലളായികളായ അനവധി പൊലീസുകാര്‍ 'ഇന്നറു' പോലും ധരിക്കാന്‍ തുടങ്ങിയിരുന്നില്ല. പൊരുതി നോക്കാനുള്ള മനസാണോ ഇതിനു കാരണം? അതോ വിവരക്കേടോ? അറിയില്ല. ഏതായാലും ഠാകൂര്‍ പറഞ്ഞത് അച്ചിട്ടപോലെ ശരിയായി. ഞങ്ങളുടെ കാറ് പത്ത് കിലോമീറ്റര്‍ സുന്ദരമായ റോഡിലൂടെ പോയെങ്കിലും തുടര്‍ന്നങ്ങോട്ട് ദുരിതമായിരുന്നു. കേരളത്തിലെ റോഡിനെ പഴിക്കുന്നവരെ മുക്കാലിയില്‍കെട്ടി അടിക്കണം എന്നു തോന്നി. മണിക്കൂറില്‍ അഞ്ച് കിലോമീറ്റര്‍ വേഗതയില്‍ ഓടിക്കാന്‍ കഴിയുമോ എന്ന പരീക്ഷണം പോലെ തോന്നി. ഒരു കുഴിയിലിറങ്ങിയാല്‍ അതിലകപ്പെട്ടതു പോലെ. പിന്നെ ഒരു മലതാണ്ടണം ലോകം കാണാന്‍. തണുപ്പിലും കടുത്ത പൊടിപടലം. അങ്ങിനെ 28 കിലോമീറ്റര്‍ ഓടിച്ച അനുഭവം, അല്ല, ദുരനുഭവം മറക്കാനാവില്ല. അതുമൂലം തിരികെ ഇതു വഴി വരില്ലെന്ന് തീരുമാനിച്ചു. സോറി, ഇതിനിടയില്‍ ഞാന്‍ ഫേസ്ബുകില്‍ ഒരു സന്ദേശം ഠാകൂറിന് കൈമാറട്ടെ: "ഠാകൂര്‍ താങ്കളുടെ നാവ് പൊന്ന് തന്നെയാകട്ടെ''-അയാള്‍ കണ്ടാലും ഇല്ലെങ്കിലും.
വര്‍ഗീയ അക്രമത്തെ തുടര്‍ന്ന് ഒറ്റപ്പെട്ട് ഭയവിഹ്വലരായി കഴിയുന്ന പാവപ്പെട്ട മിയോ മുസ്ളീങ്ങളെ കണ്ട് സ്റ്റോറി തയ്യാറാക്കി ഞങ്ങള്‍ ഗോപാല്‍ഗഢില്‍ നിന്ന് മടങ്ങി. ഭരത്പുരില്‍ നിന്ന് 85 കിലോമീറ്റര്‍ ദൂരമുണ്ട്. ബജ്രയും ഗോതമ്പും കരിമ്പും കടുകും തീറ്റപ്പുല്ലും....... മാറിമാറി കൃഷിയിടങ്ങള്‍ നോക്കെത്താദൂരത്തേക്ക് പാഞ്ഞുകൊണ്ടിരുന്നു. ഇപ്പോള്‍ ഉല്ലാസാണ് കറോടിക്കുന്നത്. ശ്രദ്ധ റോഡില്‍ മാത്രമാണ്. ഇരുവശത്തേക്കും നോക്കില്ല. ഉല്ലാസിന് ലക്ഷ്യമുണ്ടെന്ന് വ്യക്തം. അന്തമില്ലാത്ത പാടത്തിനു നടുവിലൂടെയുള്ള ബണ്ട് റോഡ് തലയും വാലുമില്ലാത്ത പെരുമ്പാമ്പിനെ പോലെ വളഞ്ഞ് പുളഞ്ഞ് പൊയ്ക്കൊണ്ടിരുന്നു. രാജസ്ഥാനിലെ ഒരുപ്പൂകണ്ടങ്ങളില് പൊന്ന്വിളയിക്കുന്നതു കണ്ടെങ്കിലും അതിന്റെ അവകാശികള്‍ ഏതോ മണിമാളികകളിലാണെന്ന് ഗ്രാമങ്ങളിലെ ദരിദ്രജനങ്ങളെ കണ്ടപ്പോള്‍ മനസിലായി. മുന്‍ മന്ത്രിയും സ്പീക്കറുമൊക്കെയായിരുന്ന ബലറാം ത്ധാക്കറുടേതാണ് ഇതില്‍ ഭൂരിഭാഗം കൃഷിയിടങ്ങളും. ഇടക്ക് ഹെലികോപ്ടറില്‍ കൃഷിയിടം സന്ദര്‍ശിക്കാറുണ്ടെന്ന് കര്‍ഷക തൊഴിലാളികള്‍ പറഞ്ഞു. പരുത്തിയും ഉരുളക്കിഴങ്ങും ചുവന്ന മുളകും ഈഭാഗത്ത് കൃഷിയുണ്ട്. ദരിദ്രരാണെങ്കിലും കുട്ടികളെ സ്കൂളില്‍ അയക്കാന്‍ പലരും ശ്രമിക്കുന്നുണ്ട്. സാക്ഷരതയില്‍ ദേശീയ ശരാശരിയേക്കാള്‍ മുന്നിലാണ് ഇവര്‍. ഫോട്ടോഗ്രാഫര്‍ വാസുവേട്ടന് വയലുകളും പട്ടിണിക്കോലങ്ങളും ക്യാമറയിലാക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പരാജയമാണ് ഫലം. ജാംബവാന്റെ കാലത്തുള്ള ക്യാമറ വാസുവേട്ടന്റെ കല്പനകളെ പതിവായി ധിക്കരിച്ചുകൊണ്ടിരുന്നു. വയസുകാലത്ത് ആര്‍ക്കായാലും പൊതുവെ ദേഷ്യം കൂടുമല്ലോ.
പോരുമ്പോള്‍ വഴിയില്‍ പറ്റിയ അബദ്ധം ഒപ്പമുണ്ടായിരുന്ന ദിനേശ്ത്രിവേദിയോട് പറഞ്ഞു. "പേടിക്കണ്ട, മികച്ചതും എളുപ്പമായതുമായ വഴി പറഞ്ഞു തരാം'' - അദ്ദേഹത്തിന്റെ തൃപ്തികരമായ മറുപടി വന്നു. ഇരുട്ടായിരിക്കുന്നു. ത്രിവേദിയെ ഭരത്പുരിലിറക്കി അത്യാവശ്യം പലഹാരവും വാങ്ങി കാറെടുത്തു. ഭരത്പുര്‍ ബര്‍ഫി ഇന്ത്യയിലെ പേരുകേട്ട മധുര പലഹാരങ്ങളിലൊന്നാണ്.
ദേശീയപാതയില്‍ നിന്ന് ചെറിയ ഇടവഴി കയറി മറ്റൊരു വലിയ റോഡില്‍ കയറി നേരെ ഇടത്തോട്ട് വിട്ടാല്‍ മഥുരയെത്തുമെന്നാണ് ത്രിവേദി പറഞ്ഞത്. ഇടവഴിയിലേക്ക് തിരിയുന്നത് വരെ ഞങ്ങളെ അനുഗമിച്ച് ത്രിവേദി ബൈക്കില്‍ മടങ്ങി. ഇടവഴി കണ്ടപ്പോള്‍ ഞങ്ങള്‍ സംശയം പറഞ്ഞെങ്കിലും രാത്രിയായി, ഇനി എതിരെ വണ്ടിയൊന്നും വരില്ലയെന്ന് ത്രിവേദി ആശ്വസിപ്പിച്ചു. മുള്ളനിറഞ്ഞ ചെടികളും ഇടപ്രായമെത്തിയ മരങ്ങളും തിങ്ങിനിറഞ്ഞ ചെറിയ റോഡ്. കഷ്ടിച്ച് ഒരു വാഹനത്തിനു പോകാം. ചില സ്ഥലങ്ങളില്‍ ഒതുക്കിയാല്‍ എരിരേവരുന്ന വാഹനത്തെ കടത്തിവിടാം. ത്രിവേദി പറഞ്ഞതുപോലെ വണ്ടികള്‍ തീരെ വരാതിരുന്നില്ല. ഇടക്കിടെ കാറും ജീപ്പും വന്നുകൊണ്ടിരുന്നു. അവരും എളുപ്പ വഴി തേടിയതാണെന്ന് വ്യക്തം. കാരണം ഈ ഇടവഴി കടന്നുപോകുന്ന പ്രദേശത്തുകാര്‍ക്ക് ഇത്രമാത്രം വാഹനങ്ങള്‍ കാണില്ലെന്നുറപ്പ്. ഒട്ടക വണ്ടിയോടിച്ചും, പാടത്ത് പണിയെടുത്തും ജീവിക്കുന്നവരാണ് ബഹുഭൂരിഭാഗവും എന്ന് ഇരു വശത്തുമുള്ള കുടിലുകളും അപൂര്‍വമായി മുന്നിലെത്തിയ പെട്ടികടകളും കണ്ടപ്പോള്‍ മനസിലായി. 12 കിലോമീറ്റര്‍ ഇടവഴിയിലൂടെ മാത്രം സഞ്ചരിക്കണം. ഏകദേശം പകുതിയായപ്പോഴേക്കും മുന്നോട്ട് ഒരു വാഹനവും പോകുന്നില്ലെന്ന് മനസിലായി. എട്ട് പത്ത് വണ്ടിയെങ്കിലും മുന്നിലുണ്ട്. കാര്യമന്വേഷിച്ചു. ആര്‍ക്കുമറിയില്ല. അരമണിക്കൂറായി ഇവിടെ കിടക്കുകയാണെന്ന് തൊട്ടുമുന്നില്‍ കിടന്ന കാറിന്റെ ഡ്രൈവര്‍ പറഞ്ഞു. എന്താണ് കാര്യമെന്ന് അന്വേഷിക്കാന്‍ തീരുമാനിച്ച് മുന്നോട്ടു പോയി. ആധുനിക വാഹനങ്ങള്‍ മാത്രമല്ല പഴയ ബെന്‍സ് മോഡല്‍ ഒട്ടകവണ്ടികളും ഇടക്കിടെ കാത്തുകിടപ്പുണ്ട്. വാഹന നിര തുടങ്ങുന്നിടത്ത് ഒരു ദരിദ്രന്റെ ഒട്ടകവണ്ടിയാണ്. കന്നുകള്ക്കുള്ള പുല്ല് കൊണ്ടുപോകലാണ് പണിയെന്ന് മനസിലായി. മെലിഞ്ഞ് ചാവാറായ ഒട്ടകം. പഴയ ഓര്മ്മവച്ച് അയവിറക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും സ്റ്റോകില്ലാത്തതിനാല് അത് വെറും നാട്യമായി മാറി. ആര്‍ത്തിയോടെ ചില യൂട്യൂബ് വീഡിയോകള്‍ തുറക്കുമ്പോള്‍ വരുന്ന മറുപടി പോലെ തോന്നി ആ അയവിറക്കല്‍. ആ വണ്ടിക്കാരന് കടുത്ത ദേഷ്യത്തിലാണ്. പേര് ചതുരേശ്വര്‍. ആഞ്ഞാഞ്ഞ് വലിക്കുന്ന ബീഡിപ്പുകയൂതി റോഡുവക്കിലുള്ള ഒരു വീട്ടിലേക്ക് നോക്കി മുട്ടന്‍ തെറി വിളിക്കുന്നു. പെട്രോള്‍ മാക്സുപോലുള്ള വിളക്കുകളും വാഹനങ്ങളില്‍ നിന്നുള്ള ഹെഡ്ലൈറ്റ് പ്രകാശവുമാണ് ആ പ്രദേശത്ത് അപ്പോള്‍ വെളിച്ചമെത്തിച്ചത്. രാജസ്ഥാന് സമ്പൂര്ണവൈദ്യുതിവല്കൃത സംസ്ഥാനമെന്നൊക്കെ പേരുണ്ടെങ്കിലും ഇതാണ് സ്ഥിതിയെന്ന് ചതുരേശ്വര്‍ വിശദീകരിച്ചു. ഏതായാലും ചതുരേശ്വര്‍ കൈചൂണ്ടി തെറിപറഞ്ഞത് ഒരു കൂറ്റന്‍ ബംഗ്ളാവിലേക്കായിരുന്നു. ബാബൂറാം എന്ന ഒരു മഹാജന്മിയുടെ വീട്. ആ പ്രദേശത്തെ ഭൂമിയും കൃഷിയും അയാളുടേതാണ്. സൂര്യന് നിക്കണോ, പോണോ..എന്നൊക്ക ബാബുറാം തീരുമാനിക്കും. അവിടെ സ്വന്തമായി വാഹനമുള്ള ഏകവീട്. ഒന്നല്ല, അനവധി. എല്‍പി സ്കൂളെന്നു തോന്നിക്കുന്ന നിരക്കെട്ടിടം ജന്മിയുടെ പശുത്തൊഴുത്താണ്. ഇരുട്ടിനിടയിലും തിളങ്ങുന്ന കണ്ണുകളുള്ള വെള്ളപ്പശക്കളുടെ തലയാടുന്നത് കണ്ടു. അതിന് പിന്നില്‍ കുതിരലായം, അതിനും പിന്നില്‍ ഒട്ടകശാല. ബംഗ്ളാവ് സര്‍വധാ തുറന്നിട്ടിരിക്കുന്നു. അതിനകത്ത് വെളിച്ചമുണ്ട്. മുറ്റത്ത് കൂറ്റന്‍ ഇരുമ്പുകാലുകള്‍ നാട്ടി അതിനു മുകളില്‍ നാല് ഇലക്ട്രിക് വിളക്കുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അന്ന് അവ കത്തിയിരുന്നില്ല. ഇടവഴി പോലുള്ള റോഡ് ടാറിട്ടത് ആര്‍ക്കുവേണ്ടിയായിരുന്നുവെന്ന് പറയേണ്ടതില്ലല്ലോ. ഇടവഴിക്കും മുറ്റത്തിനും ഇടയിലായി ആഴമുള്ള കിണറുകളാണ്, കോണ്‍ക്രീറ്റ് കിണറുകള്‍. മൂന്നോ നാലോ ഉണ്ട്. അവയ്ക്ക് ഇരുമ്പ് ഷീറ്റ് മൂടിയും. ദിവസവും ട്രാക്ടറിനു പിന്നില്‍ ഘടിപ്പിച്ചിട്ടുള്ള ബോഡിയില്‍ നാലോ അഞ്ചോ സിന്റക്സ് ടാങ്കുകളില്‍ വെള്ളം കൊണ്ടുവരും. കോണ്‍ക്രീറ്റ് ടാങ്കിലേക്ക് പമ്പ് ചെയ്യും. വന്‍ടാങ്കുകളാണ്. ബാബുറാമിന്റെ തന്നെ ഏതോപാടത്തെ കിണറില്‍ നിന്ന് കൊണ്ടുവരുന്നു. ഇടവഴിയിലാണ് ട്രാക്ടര്‍ ഇടുക. ഒരു സൈക്കിളിനു പോലും അങ്ങോട്ടോ ഇങ്ങോട്ടോ പോകാന്‍ കഴിയില്ല, സ്ഥലമില്ല. എപ്പോള്‍ പമ്പിംഗ് തീരുന്നോ അപ്പോള്‍ ബംഗ്ളാവിന്റെ കൂറ്റന്‍ ഗേറ്റ് തുറന്ന് ട്രാക്ടര്‍ അകത്തേക്കിടും. അതിനു ശേഷം മറ്റു വാഹനങ്ങള്‍ക്ക് പോകാം.
പതിവു പോലെയായിരിക്കും, ദരിദ്രനായ ഒട്ടകത്തിന്റെ ഉടമ ചതുരേശ്വര്‍ കയര്‍ത്തുകൊണ്ടിരുന്നു. "കിത്നേ ഖണ്ഡേ ഹംനെ യഹാം...സപ്നാ ദേഖാ ഖടാ....ക്യാ സോചാ അപ്നേ ബാരെ മേം....ബേവ്ജൂത്'' ഇങ്ങിനെയോരോന്ന്. ആരും ചെവികൊടുക്കുന്നുണ്ടായിരുന്നില്ല. അതുവഴി വന്ന് പരിചയമില്ലാത്ത ഞങ്ങളെ പോലുള്ളവര്‍ക്ക് രോഷം തോന്നി, പുരികം ചുഴറ്റി കടന്നു പോന്നു. അവിടത്തുകാര്‍ക്ക് അതില്‍ പരിഭവമില്ലായിരിക്കാം. പ്രതിഷേധമുള്ള ചതുരേശ്വരാകട്ടെ അതൊരു പതിവ് പ്രതിഷേധ ചടങ്ങാക്കി മാറ്റുകയും ചെയ്തു. ദിവസവും അയാള്‍ അതേസമയത്തേ വരു. അല്പം മുമ്പോ, കുറേ വൈകിയോ വരില്ല. പ്രതിഷേധിക്കാനുള്ള അവസരം കളഞ്ഞുകുളിക്കരുതല്ലോ. വാഹനവ്യൂഹത്തോടൊപ്പം ഞങ്ങളും നേരിയ തണുപ്പിന്റെ സാന്ത്വനത്തില്‍ ആശ്വസിച്ച് ഇരുട്ടിനെ കീറിമുറിച്ചു. 2011 ലെ രാജസ്ഥാന് ഗ്രാമത്തിന്റെ സ്ഥിതിയോര്‍ത്ത് പുഛിച്ച് ഞങ്ങള്‍ ആ സംസ്ഥാന അതിര്‍ത്തി പിന്നിട്ടു.
2 comments:
ബാബുരാംമാരും ചതുരേശ്വ ര്‍മാരും ചേര്‍ന്നതാണ് ശരാശരി ഉത്തരേന്ത്യന്‍ ഗ്രാമം.
naattil irunnu north indiaye vaayikkumpol kittunna moodu nalkunnu kuripp...
Post a Comment